ചെന്നൈ: കരിയറിലെ നീണ്ട 28 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് എ.ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരികെയെത്തിയത്. ആടുജീവിതം, മലയന്‍ കുഞ്ഞ് എന്നീ ചിത്രങ്ങള്‍ക്കായിട്ടാണ് എ.ആര്‍ റഹ്മാന്‍ യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ സംഗീതം പകരുന്നത്.
മലയന്‍ കുഞ്ഞിന് ശേഷം മറ്റൊരു ഫഹദ് ഫാസില്‍ ചിത്രത്തിന് കൂടി സംഗീതം പകരാന്‍ ഒരുങ്ങുകയാണ് എ.ആര്‍ റഹ്മാനിപ്പോള്‍. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് എ.ആര്‍ റഹ്മാനും ഫഹദ് ഫാസിലും ഒന്നിക്കുന്നത്.
ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി.
ഇതിന് മുമ്പായിട്ടാണ് മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉദയനിധി തീരുമാനിച്ചത്. നിലവില്‍ ഹിന്ദി ചിത്രമായ ‘ആര്‍ട്ടിക്കിള്‍ 15’ന്റെ റീമേക്കായ ‘ നെഞ്ചു നീതി’യുടെ ഷൂട്ടിംഗിലാണ് ഉദയനിധി.
ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക. സംവിധായകന്‍ മാരി സെല്‍വരാജ് ധ്രുവ് വിക്രമിനൊപ്പം കബഡിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്പോര്‍ട്സ് ഡ്രാമയുടെ ചിത്രീകരണത്തിലാണ്.
കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രത്തിലും ഫഹദ് അഭിനയിച്ചിരുന്നു. അതേസമയം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ പുഷ്പ റെക്കോര്‍ഡ് കളക്ഷനാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്.
സൗത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും പുഷ്പ ഒരേപോലെ വിജയമായിരിക്കുകയാണ്.