കമല്‍നാഥ് സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തി ജ്യോതിരാധിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം രാജസ്ഥാനാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പങ്കുവെക്കുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥ്-സിന്ധ്യ പോരുപോലെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഈ ആശങ്കയ്ക്ക് വഴിയവെക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വജ്രവ്യവസായി രാജീവ് അറോറയെ രാജസ്ഥാനില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയായി ഗെഹ്ലോട്ട് നിര്‍ദ്ദേശിച്ചതിനോട് സച്ചിന്‍ പൈലറ്റിന് വിയോജിപ്പുകളുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.
രാജ്യസഭയിലേക്ക് ഒരു വ്യവസായിയെ അയക്കുന്നതിന് പകരം പാര്‍ട്ടി അംഗങ്ങളെ പരിഗണിക്കണമെന്നാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെടുന്നത്. ഒരു വ്യവസായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത് തെറ്റായ സന്ദേശങ്ങളായും പുറത്തേക്ക് നല്‍കുകയെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുക്കള്‍ മരിച്ചതടക്കമുള്ള വിഷയങ്ങളില്‍ പൈലറ്റിന് സര്‍ക്കാരിനോട് വിമര്‍ശനാത്മക സമീപനമാണുള്ളത്. ഇത് മാത്രമല്ല, സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ സച്ചിന്‍ പൈലറ്റിന് ഗെഹ്ലോട്ടുമായി നിരവധിക്കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.
വിമത ബി.എസ്.പി എം.എല്‍എമാരുടെ പിന്തുണയോടുകൂടിയാണ് രാജസ്ഥാനില്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. 200 അംഗങ്ങളുള്ള സഭയില്‍ മൂന്ന് സി.പി.ഐ.എം എം.എല്‍.എമാരടക്കം 112 അംഗങ്ങളാണ് കോണ്‍ഗ്രസ് പക്ഷത്തുള്ളത്. ഇതില്‍ ഒരാള്‍ ആര്‍.ജെ.ഡിയുമാണ്. 80 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. 20 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചാല്‍ രാജസ്ഥാനില്‍ ബി.ജെ.പിക്ക് അനുകൂലമായി കളമൊരുങ്ങും.
മധ്യപ്രദേശിലെ ഓപ്പറേഷന്‍ ഹോളി രാജസ്ഥാനിലും ആവര്‍ത്തിക്കാന്‍ ബി.ജെ.പി കരുക്കള്‍ നീക്കിയാല്‍ അപകടത്തിലാവുക കോണ്‍ഗ്രസ് തന്നെയാണ്. ബി.ജെ.പിക്ക് നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാജസ്ഥാനും പിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ സ്ഥിതി മറ്റൊന്നാവില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള ആശങ്ക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ