ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം. പാര്‍ട്ടിയുടെ പല യൂണിറ്റുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തികമില്ലാത്ത അവസ്ഥയാണെന്നും പാര്‍ട്ടി ചില വകുപ്പുകളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ടതായും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് സേവാ ദളിന്റെ പ്രതിമാസ ബജറ്റ് രണ്ടര ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി പാര്‍ട്ടി കുറച്ചു.
മഹിളാ കോണ്‍ഗ്രസിനോടും എന്‍.എസ്.ഐ.യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയവരോടും പാര്‍ട്ടി ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡാറ്റാ ഇന്റലിജന്‍സ് വിഭാഗം ഇനി പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമെ, കോണ്‍ഗ്രസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന പലര്‍ക്കും കുറച്ച് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടുമില്ല.
മെയ് 23 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമായിരുന്ന 20 പേര്‍ രാജിവച്ച സംഭവവും കോണ്‍ഗ്രസിലെ സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാട്ടുന്നതാണ്. 55 പേരുണ്ടായിരുന്ന സോഷ്യല്‍ മീഡിയ ടീമില്‍ ഇപ്പോള്‍ 35 പേര്‍ മാത്രാമാണ് ഉള്ളത്.
ഇപ്പോഴും സോഷ്യല്‍ മീഡിയ ടീമില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വൈകിയാണ് ലഭിക്കുന്നതെന്നും വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയുടെ മാധ്യമ ഗ്രൂപ്പും സമാനമായ അവസ്ഥയിലാണ്.