[]നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ വ്യാപാര സമുച്ചയത്തിനുള്ളില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ മുഴുവന്‍ പേരെയും രക്ഷപെടുത്തിയതായി കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
കെനിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വെസ്റ്റ്‌ഗേറ്റ് വ്യാപാരസമുച്ചയം കെനിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്നും ഇനിയാരും ബന്ദികളാക്കപ്പെട്ട നിലയില്‍ മാളില്‍ ഇല്ലെന്നും ട്വിറ്ററിലൂടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
സൈന്യത്തിന്റെ പ്രത്യേക സംഘം കെട്ടിടത്തിനുള്ളിലെ ഓരോ മുറിയിലും പരിശോധന നടത്തി. മുഴുവന്‍ ഭീകരരെയും ഒഴിപ്പിച്ചെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മാളില്‍ നിന്നും 200 പേരെ രക്ഷപ്പെടുത്തി. തീവ്രവാദ ആക്രമണത്തില്‍ 69 പേരായിരുന്നു മരിച്ചത്. 175 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഏറ്റുമുട്ടലില്‍ 3 സൈനികരെ വധിച്ചതായി കെനിയന്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ അല്‍ ഷബാബ് സംഘടന മാത്രമല്ലെന്നും ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വയ്ദയാണെന്നും കെനിയ ആരോപിച്ചു.
അതേസമയം, സൊമാലിയന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയവരെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കെനിയന്‍ സൈന്യം നടത്തിയ ശ്രമത്തെ തുടര്‍ന്നുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടലില്‍ 40 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു കാണുമെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഗുജറാത്ത് വ്യവസായി രവി വഖാനിയ പറഞ്ഞു.
നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു ഗുജറാത്തികള്‍ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. റേഡിയോ ജോക്കിയും അവതാരകയുമായ റുഹീല അഡാഷിയ ആണു കൊല്ലപ്പെട്ടത്.