| Wednesday, 13th November 2024, 12:51 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ദളിത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ദളിത് വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി ദി സ്ക്രോൾ റിപ്പോർട്ട്. സുപ്രീം കോടതിയുടെ ക്വാട്ട സബ്ക്ലാസിഫിക്കേഷൻ വിധി നടപ്പാക്കുമെന്ന് വാഗ്‌ദാനം നൽകിയാണ് ദളിത് സമുദായത്തെ ഹിന്ദുത്വ പാർട്ടി ആകർഷിക്കാൻ ശ്രമിക്കുന്നതെന്ന് ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

ദളിത് ജനസംഘ്യ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചും ദീപാവലിക്ക് മൺവിളക്കുകളും പടക്കങ്ങളും വിതരണം ചെയ്തും ദളിതരെ തങ്ങളുടെ പക്ഷത്താക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനായ സിങ് , ദലിത് ആധിപത്യമുള്ള പ്രദേശങ്ങളിൽ ദീപാവലിക്ക് മൺവിളക്കുകളും പടക്കങ്ങളും വിതരണം ചെയ്യുന്നതിൻ്റെ ചുമതല ഏറ്റെടുത്തു.

അംബേദ്കർ നഗറിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ദളിതർക്കിടയിൽ സനാതന ധർമ്മം ഉണർത്താനുള്ള വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിയുടെ ഭാഗമായിരുന്നു ഇതെന്ന് സിങ് പറഞ്ഞു. ദീപാവലിക്ക് മുമ്പുള്ള രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സിങ്ങിന്റെ സംഘടനയും മറ്റ് ഹിന്ദുത്വ സംഘടനകളും രാജ്യത്തുടനീളമുള്ള ദളിത് ആധിപത്യ പ്രദേശങ്ങളിൽ ‘ധർമ സമ്മേളനങ്ങൾ’ അല്ലെങ്കിൽ മതസഭകൾ നടത്തിയിട്ടുണ്ട്.

അതിൽ മതനേതാക്കൾ പട്ടികജാതി സമുദായത്തിലെ അംഗങ്ങളുമായി പ്രഭാഷണങ്ങൾ നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തതായി സിങ് പറഞ്ഞു.

‘ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഭാരതീയ ജനതാ പാർട്ടിക്ക് തിരിച്ചടി നേരിട്ടത് മുതൽ ഹിന്ദുത്വ സംഘടനകൾ ദളിതരെ പ്രീണിപ്പിക്കാൻ പാടുപെടുകയാണ്,’ അംബേദ്കർ നഗറിലെ നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻ്റെ വോളൻ്റിയറായ ധനഞ്ജയ് ഗൗതം പറഞ്ഞു.

ബി.ജെ.പിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘമാണ് ധർമ സമ്മേളനം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഗൗതം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ദളിതർക്ക് ബി.ജെ.പി.യോടുള്ള വിരക്തിയാണ് ഹിന്ദുത്വ പാർട്ടിയെയും ആർ.എസ്.എസിനെയും ദളിത് സമൂഹത്തിലേക്ക് ഇഴകിച്ചേരാനുള്ള ശ്രമങ്ങൾ പുനരാരംഭിക്കാൻ പ്രേരിപ്പിച്ചതെന്ന് നിരീക്ഷകർ പറയുന്നു.

ധർമ സമ്മേളനം പോലുള്ള പരിപാടികൾ നടത്താനുള്ള ചുമതല ആർ.എസ്.എസ് അതിൻ്റെ ബഹുജന സംഘടനകൾക്ക് നൽകിയിട്ടുണ്ടെന്ന് നിരീക്ഷകർ കൂട്ടിച്ചേർത്തു. അതേസമയം, പട്ടികജാതി ക്വോട്ടയെ ഉപവിഭാഗമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന വാഗ്‌ദാനം നൽകി ദളിത് സമുദായങ്ങളെ ആകർഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

Content Highlight: After Lok Sabha polls setback, how the BJP is trying to make an outreach to Dalit voters

Latest Stories

We use cookies to give you the best possible experience. Learn more