ആറ് വർഷത്തെ നിയമപോരാട്ടം; ഇന്ത്യൻ പൗരത്വം തിരികെ നേടി അസം യുവതി
national news
ആറ് വർഷത്തെ നിയമപോരാട്ടം; ഇന്ത്യൻ പൗരത്വം തിരികെ നേടി അസം യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 7:13 pm

ദിസ്പൂർ: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയായി മുദ്രകുത്തപ്പെട്ട അസം സ്ത്രീക്ക് ആറ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം.

നിരവധി വോട്ടർപട്ടികകളിൽ പേരിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു 2017ൽ കാച്ചാർ ജില്ലയിലെ ദുലുബി ബിബിയെ വിദേശ കുടിയേറ്റക്കാരിയായി ഫോറിനേഴ്സ് ട്രൈബ്യൂണൽ പ്രഖ്യാപിച്ചത്.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ബിബിയെ ഇന്ത്യൻ പൗരനായി പ്രഖ്യാപിച്ചിരുന്നു.


രണ്ട് വർഷം തനിക്ക് സിൽച്ചാറിലെ ഡിറ്റൻഷൻ കേന്ദ്രത്തിൽ കഴിയേണ്ടി വന്നുവെന്നും പൗരത്വം തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബിബി പറഞ്ഞു.

‘ഇന്ത്യൻ പൗരത്വം തിരികെ ലഭിച്ചതിൽ എനിക്കിന്ന് അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ പൗരനായിട്ടും എന്നെ ബംഗ്ലാദേശിയായി മുദ്രകുത്തി. എന്റെ മുത്തച്ഛനും മുത്തശ്ശിയും ഇന്ത്യക്കാരായിരിക്കെ ഞാൻ എങ്ങനെയാണ് ബംഗ്ലാദേശിയാകുക.

രണ്ട് വർഷം എനിക്ക് സിൽച്ചാറിലെ ഡിറ്റൻഷൻ കേന്ദ്രത്തിൽ കഴിയേണ്ടി വന്നു. ഞാൻ ഒരു മുസ്‌ലിം സ്ത്രീയാണ്. എന്റെ കുടുംബം യാഥാസ്ഥിതികരാണ്.

ജയിലിൽ പോകുംമുമ്പ് ഞാൻ ഒരു പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ഇനി എന്റെ ഭർത്താവ് എന്നെ സ്വീകരിക്കുമെന്നോ എനിക്ക് എന്തെങ്കിലും ജോലി ലഭിക്കുമോ എന്നൊന്നും അറിയില്ല. എനിക്കുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമോ?’ ബിബി മാധ്യമങ്ങളോട് പറഞ്ഞു.

2017 മാർച്ചിൽ, അനധികൃത കുടിയേറ്റ നിർണയ ട്രൈബ്യൂണൽ ആക്റ്റ് പ്രകാരം 1998ലെ കേസിന്റെ വിചാരണക്കിടയിലായിരുന്നു ബിബിയെ ബംഗ്ലാദേശിയായി പ്രഖ്യാപിച്ചത്. തുടർന്ന് 2018ൽ ബിബിയെ അറസ്റ്റ് ചെയ്ത് സിൽച്ചാറിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു.

Content Highlight: After Legal Battle Of 6 Years, Assam Woman Regains Her Indian Citizenship