| Tuesday, 7th February 2023, 11:32 pm

ഇനി വിശ്രമമില്ലാത്ത നാളുകളെന്ന് പി.കെ. ഫിറോസ്; ജയിലില്‍ നിന്നിറങ്ങി നേരെ പോയത് യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യാഗ്രഹ വേദിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആദ്യം പോയത് യു.ഡി.എഫിന്റെ സത്യാഗ്രഹ സമര വേദിയില്‍.

ഇന്ധന സെസിനെതിരെ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരത്തിലുള്ള പ്രതിപക്ഷ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, നജീബ് കാന്തപുരം, മാത്യു കുഴല്‍ നാടന്‍, സി.ആര്‍. മഹേഷ് എന്നിവര്‍ക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.

പൊലീസ് മര്‍ദനവും കള്ളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാവുന്നതാണെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണെന്നും ഫിറോസ് പറഞ്ഞു.

‘ജാമ്യം നേടി ഇന്ന് പുറത്തിറങ്ങി. ഒരാഴ്ച മുമ്പ് എന്റെ സഹപ്രവര്‍ത്തകരായ 28 പേര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഞങ്ങളെ ജയിലിലടച്ചത് എന്നതില്‍ അഭിമാനം മാത്രമേയുള്ളൂ.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നാണം അല്‍പ്പം പോലും തോന്നാതെ ഇന്ധനത്തിന് സെസ്സും വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ വിലകൂട്ടിയുമുള്ള ബജറ്റ് ഇടത് സര്‍ക്കാര്‍ ഇതിനിടെ അവതരിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പൊലീസ് മര്‍ദനവും കള്ളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാവുന്നതാണ്.

സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചില്‍ പങ്കെടുത്തവര്‍, തുടര്‍ സമരങ്ങള്‍കൊണ്ട് കൂടെ നിന്നവര്‍ എല്ലാവരോടും നന്ദി പറഞ്ഞവസാനിപ്പിക്കുന്നില്ല.
പ്രിയ സഹപ്രവര്‍ത്തകരെ, ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണ്. കൂടെയുണ്ടാകണം,’ പി.കെ. ഫിറോസ് പറഞ്ഞു.

Content Highlight:  After left the jail pk firos went straight to the satyagraha platform of the UDF MLAs

We use cookies to give you the best possible experience. Learn more