ഹൈദരാബാദ്: സി.പി.ഐ.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രണ്ട് ദിവസത്തിന് ശേഷം രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി പ്രസാദ് യാദവ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവമായി കൂടിക്കാഴ്ച നടത്തി. തേജസ്വി യാദവിനൊപ്പം ബിഹാര്‍ മുന്‍ മന്ത്രി അബ്ദുല്‍ ബാരി സിദ്ദിഖിയും മറ്റ് ആര്‍.ജെ.ഡി നേതാക്കളും ഉണ്ടായിരുന്നു.
കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും യു.പിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിതര ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണിയാണ് ഇരു പാര്‍ട്ടികളും ലക്ഷ്യവെക്കുന്നത്.
മുന്നാം മുന്നണി സാധ്യത ചര്‍ച്ചയായി സി.പി.ഐ.എം ദേശിയ നേതാക്കള്‍ രണ്ട് ദിവസം മുമ്പ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്തത്.
സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സി.പി.ഐ.എം പി.ബി നേരത്തെ വിലയിരുത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചെന്നും സി.പി.ഐ.എം നേതാക്കള്‍ ഇതിനെ അനുകൂലിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.