| Tuesday, 30th January 2024, 9:52 am

പി.സി. ജോര്‍ജ് ദല്‍ഹിയിലേക്ക്; ജനപക്ഷം വിട്ട് ബി.ജെ.പിയിലേക്കെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനപക്ഷ നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായിരുന്ന പി.സി. ജോര്‍ജ് ബി.ജെ.പിയിലേക്കെന്ന് സൂചന. ചൊവ്വാഴ്ച ബി.ജെ.പി നേതൃത്വവുമായി പി.സ്. ജോര്‍ജ് ദല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനപക്ഷം പിരിച്ചുവിട്ട് മുന്‍ എം.എല്‍.എ ബി.ജെ.പിയില്‍ ചേരുമെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാത്തതിനാലും മുന്നണികളില്‍ ചേരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാലും ബി.ജെ.പിയില്‍ അംഗത്വമെടുക്കാന്‍ പി.സി. നിര്‍ബന്ധിതനായതെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

പി.സി ജോര്‍ജ് ഔദ്യോഗികമായി ബി.ജെ.പിയില്‍ അംഗത്വം എടുക്കണമെന്ന് കേരളത്തിലെ ബി.ജെ.പി വൃത്തങ്ങള്‍ നിലപാട് സ്വീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനപക്ഷത്തെ എന്‍.ഡി.എ സഖ്യത്തിലേക്ക് ചേര്‍ക്കുക എന്ന എന്നതായിരുന്നു പി.സി. ജോര്‍ജിന്റെ തീരുമാനം.

എന്നാല്‍ ഈ തീരുമാനത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എതിരിക്കുകയായിരുന്നു. ഘടകകക്ഷി എന്ന നിലയില്‍ ജനപക്ഷത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ആ രീതിയില്‍ മുന്നോട്ട് പോയാല്‍ എപ്പോള്‍ വേണമെങ്കിലും സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചു. പാര്‍ട്ടി പിരിച്ചുവിട്ട് അംഗത്വം സ്വീകരിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ദല്‍ഹിയിലെ കൂടിക്കാഴ്ചക്ക് പി.സി. ജോര്‍ജ് മുന്‍ഗണന നല്‍കിയതെന്നും വിലയിരുത്തുന്നു. ഒരു വര്‍ഷത്തിലേറെയായി പി.സി. ജോര്‍ജ് ബി.ജെ.പി അനുകൂല നിലപാടുകളും തീരുമാനങ്ങളും എടുത്തുവന്നിരുന്നു. പല സമയങ്ങളിലായി ബി.ജെ.പിയുമായുള്ള ബന്ധം മുന്‍ എം.എല്‍.എ തുറന്നുപറയുകയും ചെയ്തിരുന്നു. അതേസമയം പി.സി. ജോർജ് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിൽ സ്ഥിരീകരണം നടത്തിയിട്ടില്ല.

Content Highlight: After leaving the Janapaksham, It is hinted that P.C. George will go to BJP

We use cookies to give you the best possible experience. Learn more