| Friday, 4th September 2020, 10:44 am

ആദ്യം കുഞ്ഞാലി മരക്കാര്‍, ഇപ്പോള്‍ മാപ്പിള ഖലാസിമാര്‍; മമ്മൂക്ക ഈ സിനിമയില്‍ നിന്നും പിന്മാറുകയാണോ ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് മാപ്പിള ഖലാസിമാരെ കുറിച്ച് മലയാളത്തില്‍ രണ്ട് സിനിമകള്‍ പ്രഖ്യാപിക്കപ്പെട്ടത്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ ആണ് ആദ്യം തന്റെ സിനിമ പ്രഖ്യാപിച്ചത്.

തൊട്ടുപിന്നാലെ ഔദ്യോഗികമായി നടന്‍ ദിലീപും തന്റെ പുതിയ സിനിമ മാപ്പിള ഖലാസിമാരെ കുറിച്ചുള്ളതാണെന്ന് പ്രഖ്യാപിച്ചു.

മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

ഖലാസി എന്ന് പേരിട്ടിരിക്കുന്ന ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത് ഫ്‌ളവേഴ്‌സ് ടി.വിയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ മിഥിലാജ് ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആരാധകര്‍ ആവേശത്തോടെയാണ് ഈ വാര്‍ത്തകള്‍ ഏറ്റെടുത്തതെങ്കിലും മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്.  നേരത്തെ മമ്മൂട്ടി പ്രഖ്യാപിച്ച മാപ്പിള ഖലാസികള്‍ ഉപേക്ഷിക്കുകയാണോ ? എന്നത്.

കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ സലിം അഹമ്മദ് ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി മാപ്പിള ഖലാസിമാര്‍ എന്ന സിനിമ ഒരുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്.

മലബാറിന്റെ ചരിത്രം കൂടി പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ നിരവധി താരങ്ങള്‍ ഉണ്ടാവുമെന്നും മധുരരാജയ്ക്ക് ശേഷം ഷൂട്ടിംഗ് തുടങ്ങുമെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇതിനുശേഷം പുതിയ ഒരു വിവരങ്ങളും സിനിമയെ കുറിച്ച് പുറത്തുവന്നില്ല. ഇതിന് പിന്നാലെ പ്രായം എന്ന പേരില്‍ പുതിയ സിനിമ സലിം അഹമ്മദ് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഇതില്‍ ആരൊക്കെയാണ് അഭിനയിക്കുകയെന്നത് പുറത്തുവിട്ടില്ല. അതേസമയം മമ്മൂട്ടി തന്നെയായിരിക്കും ‘പ്രായ’ത്തില്‍ അഭിനയിക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്.

കോഴിക്കോടിലെ ബേപ്പൂര്‍ മുതല്‍ അങ്ങ് മക്ക വരെ നീളുന്നതാണ് മാപ്പിള ഖലാസിമാരുടെ ചരിത്രവും പെരുമയും. ഒരൊറ്റ സിനിമയില്‍ ഒതുങ്ങാത്ത ചരിത്രവും കഥകളും മാപ്പിള ഖലാസിമാര്‍ക്ക് പറയാന്‍ ഉണ്ട്.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികള്‍. തുറമുഖങ്ങളിലും കപ്പല്‍ നിര്‍മ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അറബിയിലുള്ള പദമാണ് ഖലാസി.

നേരത്തെ കുഞ്ഞാലി മരക്കാര്‍ സിനിമയും സമാനമായ രീതിയില്‍ ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.

കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രം നിലവില്‍ ചെയ്യുന്നില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നും താരം പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ഇരുവരും കുഞ്ഞാലി മരക്കാര്‍ ആവുന്നു എന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പ്രിയദര്‍ശന്‍ തന്റെ കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയതതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയാക്കുന്നത് ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.

എന്നാല്‍ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റി . എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.

ഓഗസ്റ്റ് സിനിമാസിന്റെ കുഞ്ഞാലി മരക്കാര്‍ ഉടനെ തുടങ്ങുമെന്നും 2 പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും 2018 ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ പ്രഖ്യാപിക്കുകയും ഓഗസ്റ്റ് സിനിമാസിന്റെ തന്നെ തീവണ്ടി സിനിമയുടെ കൂടെ കുഞ്ഞാലി മരക്കാറിന്റെ ടീസര്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights: After Kunjali Marakar, now the Mappila Khalasi; Is Mammootty withdrawing from this movie?

We use cookies to give you the best possible experience. Learn more