ന്യൂദല്‍ഹി: കിങ്ഫിഷര്‍ ഇത്രയേറെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും വിജയ് മല്യയെ കാണാനോ സംസാരിക്കാനോ കഴിയുന്നില്ലെന്ന് കിങ്ഫിഷറിലെ തൊഴിലാളികളുടെ പരാതി.[]
അതേസമയം വിജയ് മല്യ ഒളിവിലാണെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ട് കൊണ്ട് മല്യ തന്നെ ട്വിറ്ററില്‍ എത്തി.
താന്‍ വളരെ തിരക്കിലാണെന്നും കഴിഞ്ഞ ഒരാഴ്ചയായി താന്‍ യാത്രയിലാണെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു.
“എന്നെ കാണാനില്ലെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണ്. ബിസിനസ് ആവശ്യങ്ങളുമായി ഞാന്‍ തിരക്കിലാണ്. അല്ലാതെ കിങ്ഫിഷറിലെ ജോലിക്കാരുമായി മനപൂര്‍വം സംസാരിക്കാന്‍ അവസരം ഉണ്ടാക്കാത്തതല്ല”- മല്യ ട്വിറ്ററില്‍ കുറിച്ചു.
വന്‍ സാമ്പത്തിക ബാധ്യത മൂലം കഴിഞ്ഞ എട്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം പോലും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയിട്ടില്ല. 160 കോടിയോളം രൂപയാണ് ശമ്പള ഇനത്തില്‍ മാത്രം ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ദിവസം ഡി.ജി.സി.എ കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനില്ലെന്ന് വ്യോമയാനമന്ത്രി അജിത് സിങ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ജീവനക്കാരുടെ ശമ്പള കുടിശിക കൊടുത്ത് തീര്‍ത്താലും മറ്റ് ബാധ്യതകള്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനത്തിന് തടസമാകുമെന്നും നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് പ്രതിസന്ധി മറികടക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും അജിത് സിങ് പറഞ്ഞു.