സിമിപ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് മൊഴികളിലെ വൈരുദ്ധ്യങ്ങള്‍
Daily News
സിമിപ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് മൊഴികളിലെ വൈരുദ്ധ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2016, 10:27 pm

മധ്യപ്രദേശിലെ ഏറ്റവും സുരക്ഷിതമായ, ശക്തമായ കാവലുള്ള സെന്‍ട്രല്‍ ജയിലാണ് ഭോപാലിലേത്. എട്ടു തടവുകാരുടെ ജയില്‍ ചാട്ടത്തിനിടയില്‍ അവര്‍ക്ക് രണ്ടു പൊലീസുകാരെ മാത്രമാണ് നേരിടേണ്ടി വന്നത്. സ്റ്റീല്‍ പാത്രം മുറിച്ചും സ്പൂണ്‍ മൂര്‍ച്ച വരുത്തിയും ഉണ്ടാക്കിയ ആയുധങ്ങള്‍ കൊണ്ട് ഒരാളെ കൊന്നു. മറ്റൊരാളെ പരിക്കേല്‍പിച്ചു. ബഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറാക്കി ജയില്‍ ഭിത്തിക്കു മുകളില്‍ വലിഞ്ഞു കയറി, ചാടി രക്ഷപെട്ടു. “ഭീകരര്‍”ക്ക് പ്രത്യേക കാവലുണ്ടായിട്ടും, ഇത്രയും നടന്നത് ജയിലിലെ മറ്റ് കാവല്‍ക്കാര്‍ അറിഞ്ഞില്ലെന്നതും ദുരൂഹമാണ്.


ഭോപ്പാല്‍ ഏറ്റുമുട്ടലിന് ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഭോപ്പാല്‍ പൊലീസിന്റെ ഭാഷ്യത്തെ ചോദ്യം ചെയ്ത് ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ഇവരെ കൊല്ലപ്പെട്ടതായി കാണപ്പെട്ട പാറക്കൂട്ടത്തിന് മുകളില്‍ കയറി നില്‍ക്കുന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പാറക്കൂട്ടത്തിന് മുകളില്‍ നില്‍ക്കുന്ന സിമിപ്രവര്‍ത്തകര്‍ പോലീസുമായി സംസാരിക്കുന്നുണ്ട്. കീഴടങ്ങാന്‍ ശ്രമിച്ചവരെയാണ് പൊലീസ് വധിച്ചതെന്ന സംശയം വീഡിയോ ഉയര്‍ത്തുന്നുണ്ട്.


Also Read: സിമി പ്രവര്‍ത്തകര്‍ ജയിലിന്റെ പൂട്ടുതുറന്നത് ‘ടൂത്ത് ബ്രഷും മരത്തടിയും’ ഉപയോഗിച്ചെന്ന് മധ്യപ്രദേശ് ഐ.ജി


എട്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അഞ്ച് പേരെ മാത്രമേ പുതിയ വീഡിയോയില്‍ കാണുന്നുള്ളൂ. അഞ്ച് പേര്‍ പാറപ്പുറത്തുണ്ടെന്നും മൂന്ന് പേര്‍ ചുറ്റുവട്ടത്തുണ്ട്, അവരെ വളയണമെന്നും വയര്‍ലസില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

നേരത്തെ ഭോപ്പാലില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് നാല് തോക്കുകളും മൂര്‍ച്ചയേറിയ മൂന്നു ആയുധങ്ങളും കണ്ടെത്തിയതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചിരുന്നു. ഐ.ജി യോഗേഷ് ചൗധരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതായിരുന്നു  ഇക്കാര്യം. എന്നാല്‍ പുതിയ ദൃശ്യത്തില്‍ പാറപ്പുറത്ത് കയറി നില്‍ക്കുന്ന പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധങ്ങളൊന്നുമില്ല.

അതേ സമയം പോലീസ് ഭാഷ്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങളടക്കം രംഗത്തു വന്നിട്ടുണ്ട്.

♦ ജയില്‍ ഗാര്‍ഡിനെ സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ആയുധമാക്കി വധിക്കുകയും മറ്റൊരാളെ ബന്ദിയാക്കുകയും ചെയ്ത ശേഷം എട്ട് സിമി പ്രവര്‍ത്തകര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തടവുചാടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍  എട്ട് പേരും കൃത്യമായി ഒരുമിച്ച് ഒരേയിടത്തേക്ക് രക്ഷപ്പെട്ടത് എന്ത്‌കൊണ്ടാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ ചിതറിയോടാഞ്ഞത് എന്ത്‌കൊണ്ടാണെന്നും സംശയമുയരുന്നു. ദീപാവലി രാത്രിയായതിനാല്‍ വഴിയിലെല്ലാം ആളുകള്‍ ഉണ്ടാവുമെന്നതിനാല്‍ ഈ രാത്രി തന്നെ ജയില്‍ചാട്ടത്തിന് തെരഞ്ഞെടുക്കുമോയെന്ന ചോദ്യവും ബാക്കിയാണ്.


Don”t Miss: ഭോപാല്‍ ഏറ്റുമുട്ടല്‍ കൊല വ്യജമെന്ന് കട്ജു; വെടിവെച്ച പോലീസുകാര്‍ക്കും ഉത്തരവിട്ടവര്‍ക്കും വധശിക്ഷ നല്‍കണം


♦  പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഭോപ്പാല്‍ ഐ ജി യോഗേഷ് ചൗധരി പറയുന്നു. ഗ്രാമവാസികള്‍ വിവരം നല്‍കിയെന്നാണ് മുഖ്യമന്ത്രിയും പറയുന്നത്. എന്നാല്‍ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ ജയില്‍ ചാടിയെന്നാണ് പോലീസ് പറയുന്നത്. രാവിലെ എട്ട് മണിയോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിനിടയില്‍ ഇവരുടെ ചിത്രങ്ങള്‍ പോലും പുറത്തുവന്നിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ രാവിലെ തന്നെ നാട്ടുകാര്‍ക്ക് എങ്ങനെയാണ് ഈ എട്ട്‌പേരും ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞത്? മാത്രമല്ല ഇവര്‍ കൊല്ലപ്പെട്ട് കിടക്കുന്ന പ്രദേശം ഒരിക്കലും കണ്ണില്‍ പെടാത്ത ഇടമാണ്. ഇവിടെ എങ്ങനെയാണ് ഗ്രാമവാസികള്‍ ഇവരെ കണ്ടെത്തിയത്.

♦ പുലര്‍ച്ചെ രണ്ടിന് എട്ട് പേരും ചേര്‍ന്ന് ജയില്‍ ഗാര്‍ഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത് തടവ് ചാടാന്‍ ദീപാവലി ദിവസമാണ് തെരഞ്ഞെടുത്തതും. ഈ വാദങ്ങളിലും ദുരൂഹതയുണ്ട്.  പുലര്‍ച്ചെ രണ്ടിന് സാധാരണ ഗതിയില്‍ തടവുകാര്‍ സെല്ലുകളില്‍ കഴിയുന്ന സമയമാണ്. സെല്ലുകളില്‍ കഴിയുന്ന ഇവര്‍ എങ്ങനെ പുറത്തുകടന്നുവെന്നതിന് വ്യക്തമായ വിശദീകരണം ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ല. ആഘോഷദിനത്തില്‍ എല്ലാവരും വൈകിയാണ് ഉറങ്ങിയത്. ഇങ്ങനെയൊരു ദിവസം തന്നെ തിരഞ്ഞെടുത്തത് എന്ത്‌കൊണ്ട്? ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതുമാണ്.

♦ ജീന്‍സും സ്‌പോര്‍ട്‌സ് ഷൂവും ധരിച്ച തരത്തിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുള്ളത്. പക്ഷെ തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക വേഷമുണ്ടെന്നിരിക്കേ, രാത്രി ജയില്‍ ചാടുകയും മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയൂം ചെയ്തതിനിടയില്‍ ഇത്തരത്തില്‍ വേഷം മാറ്റാന്‍ അവര്‍ക്ക് സാധിക്കില്ല.

♦ തടവു ചാടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നുണ്ട്. അങ്ങനെയാണ് സംഭവം ഏറ്റുമുട്ടല്‍ ആകുന്നത്. അങ്ങനെയെങ്കില്‍ ജയില്‍ ചാടിയവര്‍ക്ക് എവിടെനിന്ന് ആയുധം ലഭിച്ചു? പുറത്തുവന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുനിന്ന് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നതാണ്. വീണു കിടക്കുന്നയാളെയും വെടിവെക്കുന്നു.

♦  മധ്യപ്രദേശിലെ ഏറ്റവും സുരക്ഷിതമായ, ശക്തമായ കാവലുള്ള സെന്‍ട്രല്‍ ജയിലാണ് ഭോപാലിലേത്. എട്ടു തടവുകാരുടെ ജയില്‍ ചാട്ടത്തിനിടയില്‍ അവര്‍ക്ക് രണ്ടു പൊലീസുകാരെ മാത്രമാണ് നേരിടേണ്ടി വന്നത്. സ്റ്റീല്‍ പാത്രം മുറിച്ചും സ്പൂണ്‍ മൂര്‍ച്ച വരുത്തിയും ഉണ്ടാക്കിയ ആയുധങ്ങള്‍ കൊണ്ട് ഒരാളെ കൊന്നു. മറ്റൊരാളെ പരിക്കേല്‍പിച്ചു. ബഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറാക്കി ജയില്‍ ഭിത്തിക്കു മുകളില്‍ വലിഞ്ഞു കയറി, ചാടി രക്ഷപെട്ടു. “ഭീകരര്‍”ക്ക് പ്രത്യേക കാവലുണ്ടായിട്ടും, ഇത്രയും നടന്നത് ജയിലിലെ മറ്റ് കാവല്‍ക്കാര്‍ അറിഞ്ഞില്ലെന്നതും ദുരൂഹമാണ്.

♦ തടവുകാരെ പിടികൂടിയതിന്റെ വിശദാംശങ്ങളോ, ജയിലിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളെക്കുറിച്ചോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകരോട് സംഭവങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയതുമില്ല.