| Thursday, 8th August 2024, 3:08 pm

ബംഗ്ലാദേശില്‍ നടന്നത് ഇന്ത്യയിലും ആവര്‍ത്തിക്കും; സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ മുന്നറിയിപ്പുമായി മണിശങ്കര്‍ അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിലവിലെ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിന് സമാനമായ കാര്യങ്ങള്‍ അധികം വൈകാതെ ഇന്ത്യയിലും സംഭവിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

ഇന്ത്യയെ ബംഗ്ലാദേശുമായി താരമത്യപ്പെടുത്തിയതില്‍ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത്.

സാമ്പത്തികമായി ഇന്ത്യ വളരുകയാണെന്ന് അവകാശപ്പെടുമ്പോഴും തൊഴിലില്ലായ്മയും അസമത്വവുമെല്ലാം ഇവിടെ വര്‍ധിച്ചുവരികയാണെന്നും ഇതേ സാഹചര്യം തന്നെയാണ് ബംഗ്ലാദേശിലും ഉണ്ടായിരുന്നതെന്നും മണിശങ്കര്‍ അയ്യര്‍ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ജനാധിപത്യ സംവിധാനത്തില്‍ നിരവധി പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. അവരുടെ തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ അത് പ്രതിഫലിപ്പിച്ചിട്ടുണ്ട്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്. എന്നാല്‍ ഇന്ത്യയിലെ കാര്യം മറിച്ചാണ്. ഇവിടെ പ്രതിപക്ഷം ഇതുവരെ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് ബംഗ്ലാദേശിലെ സാഹചര്യം ഇവിടെ ഉടലെടുക്കാത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ഇവിടെ എന്താണ് സംഭവിച്ചത്. പല സീറ്റുകളിലും നടന്ന വോട്ടെടുപ്പില്‍ പൊരുത്തക്കേടുകളുള്ളതായ കണക്കുകള്‍ പുറത്തുവന്നില്ലേ? 89 സീറ്റുകളിലെ അന്തിമ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആ പൊരുത്തക്കേട് വ്യക്തമാണ്.

ബംഗ്ലാദേശില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പല്ല നടന്നതെന്ന് ആളുകള്‍ക്ക് മനസിലായി. അവരുടെ മനസില്‍ സംശയങ്ങള്‍ ഉടലെടുത്തു. സമാനമായ രീതിയില്‍ ഇവിടെയുള്ള ആളുകള്‍ക്കിടിലും സംശയങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങും. തീര്‍ച്ചയായും ഉയര്‍ന്നുവരും. അവിടെ എന്താണോ നടന്നത് അത് ഇവിടേയും നടക്കും. എന്നാല്‍ ഇവിടെയുയര്‍ന്ന് വന്ന അത്തരം സംശയങ്ങളെ, തെരഞ്ഞെടുപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ ‘തെറ്റായ പ്രചാരണം’ എന്ന് വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളയുകയാണ് ഉണ്ടായത്,’ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

അതേസമയം ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലുമുണ്ടാകുമെന്ന മണിശങ്കര്‍ അയ്യറുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല രംഗത്തെത്തി. ഭാരതത്തെ ബംഗ്ലാദേശുമായി താരതമ്യപ്പെടുത്തുകയാണെന്നും ഇവിടെയും അത്തരം സാഹചര്യങ്ങള്‍ കൊണ്ടുവന്ന് ആളുകള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുകയാണ് മണി ശങ്കര്‍ അയ്യറെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മോദി വിരോധം ഭാരതത്തോടുള്ള വിരോധമായി മാറ്റുകയാണ് മണി ശങ്കര്‍ അയ്യര്‍ എന്നും പൂനെവാല കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ തുരങ്കം വെക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബംഗ്ലാദേശിന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലുമുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ഷിദും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബംഗ്ലദേശിലേതിന് സമാനമെന്ന് പറയാന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇവിടെയും നടക്കുന്നുണ്ടെന്നും എന്നാല്‍ നിലവില്‍ അത് സാധാരണ നിലയിലാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘കശ്മീരില്‍ എല്ലാം സാധാരണമാണെന്ന് തോന്നാം. ഇന്ത്യയില്‍ എല്ലായിടത്തും കാര്യങ്ങള്‍ സ്വാഭാവികമായി നടക്കുന്നുണ്ടെന്ന് തോന്നാം. നമ്മള്‍ വിജയം ആഘോഷിക്കുന്നുണ്ടാകാം. പക്ഷേ 2024ല്‍ നമുക്ക് ലഭിച്ചത് ഒരു പൂര്‍ണവിജയമല്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഉപരിതലത്തിനടിയില്‍ എന്തോ ഉണ്ട് എന്നതാണ് വസ്തുത. ബംഗ്ലാദേശില്‍ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കാം,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlight: Manishankar Aiyar Compares India with bangladesh

We use cookies to give you the best possible experience. Learn more