ഹൈദരാബാദ്: തെന്നിന്ത്യയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു കെ.ജി.എഫ്. കന്നഡ താരം യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
ഇപ്പോഴിതാ കെ.ജി.എഫിന്റെ സംവിധായകനും നിര്‍മ്മാതാക്കളും വീണ്ടും ഒന്നിക്കുകയാണ്. പ്രഭാസിനെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. രാധേ ശ്യാം ആണ് പ്രഭാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇതിന് പുറമെ ആദി പുരുഷ്, നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രങ്ങളും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.
ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.
കന്നഡയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്. കര്‍ണാടകയില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 14 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തി. ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം 225 കോടിയാണ് ബോക്സോഫിസില്‍ നിന്ന് വാരികൂട്ടിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക