കേരളത്തിനും തമിഴ്‌നാടിനും പിന്നാലെ 'ഗോ ബാക്ക് മോദി' മുദ്രാവാക്യവുമായി കര്‍ണാടകയും; 'ജനം പ്രധാനമന്ത്രിക്കെതിരെ'
national news
കേരളത്തിനും തമിഴ്‌നാടിനും പിന്നാലെ 'ഗോ ബാക്ക് മോദി' മുദ്രാവാക്യവുമായി കര്‍ണാടകയും; 'ജനം പ്രധാനമന്ത്രിക്കെതിരെ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2020, 8:58 pm

ബെംഗലൂരു: തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് കര്‍ണാടകയും. രണ്ടു ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനെത്തിയ മോദിക്കെതിരയാണ് കര്‍ണാടകത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ‘ഗോ ബാക്ക് മോദി’ എന്നെഴുതിയ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവക്കെതിരെയായിരുന്നു സാമൂഹിക പ്രവര്‍ത്തകരടങ്ങുന്ന സംഘം മോദിക്കെതിരെ തിരിഞ്ഞത്. മോദിയുടെ സന്ദര്‍ശന സ്ഥലങ്ങളിലെല്ലാം പ്രതിഷേധം ആഞ്ഞടിച്ചു.

രണ്ടു ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ലക്ഷ്യമിട്ട് മോദി ആദ്യമെത്തിയത് ബെംഗലൂരുവിലായിരുന്നു. ഹം ഭാരത് കേ ലോക് എന്ന സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ പ്രധാമന്ത്രിയെത്തിയ രാത്രി തന്നെ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗ് കാമ്പയിന്‍ ട്വിറ്ററിലും ട്രെന്‍ഡിങ്ങാവുകയായിരുന്നു. വെള്ളിയാഴ്ചയാകുമ്പോഴേക്കും 66,000 ല്‍ അധികം പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്.

മോദി പങ്കെടുത്ത ചടങ്ങ് നടക്കുന്ന ബെംഗലൂരു ടൗണ്‍ഹാളിലും ഗോ ബാക്ക് മോദി മുദ്രാവാക്യങ്ങളുയര്‍ന്നു. തുടര്‍ന്നും മോദിയുടെ സന്ദര്‍ശന സ്ഥലങ്ങളില്‍ ഇത് ആവര്‍ത്തിക്കുകയായിരുന്നു.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം പ്രതികരിക്കുന്നതാണ് പ്രതിഷേധങ്ങളിലെമ്പാടും വ്യക്തമായതെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവാനി ‘ദ ന്യൂസ് മിനുട്ടി’നോട് പറഞ്ഞു.

‘കഴിഞ്ഞ രണ്ടുദിവസം രാജ്യത്തിന്റെ പ്രധാനമന്ത്രി കര്‍ണാടകത്തിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെവിടെയും ഇന്ത്യ എന്ന പരാമര്‍ശമുണ്ടായിരുന്നില്ല. അദ്ദേഹം വാചാലനായത് മൊത്തം പാകിസ്താനെക്കുറിച്ചായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും രാജ്യത്ത് അസമത്വം പുലര്‍ത്താനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് കര്‍ണാടകത്തിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്’, അവാനി പറഞ്ഞു.

2019ല്‍ തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ ചെന്നൈയില്‍ വെച്ചും മോദി സമാനമായ മുദ്രാവാക്യം നേരിടേണ്ടി വന്നിരുന്നു. 2016ല്‍ കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍നിന്നും ‘ഗോ ബാക്ക് മോദി’ മുദ്രാവാക്യമുയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ലും തമിഴ്‌നാട് മോദിയെ വരവേല്‍ക്കാന്‍ വിസമ്മതിച്ചു. 2019ന്റെ അവസാനം ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്കിടയിലും ജനം പ്രധാനമന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യവുമായി അണിനിന്നിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി ഭരിക്കുമ്പോള്‍തന്നെയായിരുന്നു ഇത്. സമാനമായാണ് ഇപ്പോള്‍ കര്‍ണാടകയിലും മോദി വിരുദ്ധ മുദ്രാവാക്യങ്ങളുയരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ