2019 ആഗസ്ത് 5ന് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തു, തൊട്ടടുത്ത വര്‍ഷം, 2020ല്‍ ഇതേ ആഗസ്ത് 5 ന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ ഒരേ ദിവസങ്ങളില്‍ ബി.ജെ.പി ഭരണകൂടം അവരുടെ സ്വപ്നപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ഒരു നിരീക്ഷണമുണ്ട്. അടുത്ത വര്‍ഷം ആഗസത് 5 ന് ബി.ജെ.പി ഏക സിവില്‍കോഡും രാജ്യത്ത് നടപ്പിലാക്കിയേക്കാമെന്ന്. കാരണം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളായിരുന്നു കശ്മീരിന്റെ പദവി റദ്ദാക്കലും രാമക്ഷേത്രനിര്‍മാണവും ഏകസിവില്‍കോഡ് നടപ്പില്‍ വരുത്തലും. ഇതില്‍ ആദ്യത്തെ രണ്ട് ലക്ഷ്യങ്ങളും നടപ്പാക്കിയ ബി.ജെ.പിക്ക് മുന്നില്‍ ഇനിയുള്ളത് ഏക സിവില്‍കോഡാണ്.
എന്താണ് വര്‍ഷങ്ങളായി വിവാദ വിഷയമായി തുടരുന്ന യൂണിഫോം സിവില്‍ കോഡ്?
നമ്മുടെ രാജ്യത്തെ ഓരോ മതസമൂഹങ്ങള്‍ക്കും വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അതാത് സമൂഹങ്ങളുടെ സവിശേഷതകള്‍ക്കനുസരിച്ചുള്ള വ്യത്യസ്തമായ നിയമങ്ങളാണ് നിലവിലുള്ളത്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മതവിഭാഗങ്ങള്‍ക്കുള്ള വ്യക്തിനിയമങ്ങളാണ് ഇതില്‍ പ്രധാനമായും കടന്നുവരുന്നത്. സിഖ്, ജൈന്‍, ബുദ്ധ സമൂഹങ്ങള്‍ ഹിന്ദുവ്യക്തിനിയമങ്ങളുടെ കീഴിലാണ് വരുന്നത്. ഇതുകൂടാതെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം ഗോത്രവിഭാഗങ്ങള്‍ക്കും അവരുടേതായ വ്യക്തിനിയമങ്ങളുണ്ട്. എന്നാല്‍ വ്യത്യസ്ത സമൂഹങ്ങള്‍ക്കുള്ള നിയമങ്ങളിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരു ഏക നിയമസംഹിത നടപ്പിലാക്കുക എന്നതാണ് ഏകസിവില്‍ കോഡ് അഥവാ യൂണിഫോം സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സിവില്‍ വിഷയങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നത്. ക്രിമിനല്‍ കേസുകള്‍, ബിസിനസ്സ് ഇടപാടുകളടക്കമുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തുടങ്ങി മറ്റെല്ലാ വിഷയങ്ങളിലും എല്ലാ പൗരന്മാര്‍ക്കും സമാനമായ രീതിയില്‍ ബാധകമായ നിയമങ്ങളാണ് നിലവിലുള്ളത്. ഇവിടെ പൗരന്റെ ജാതിയോ മതമോ വിശ്വാസമോ സമൂഹമോ മറ്റു ജീവിതപശ്ചാത്തലങ്ങളോ ഒന്നും തന്നെ പരിഗണനാ വിഷയങ്ങളേ ആകുന്നില്ല.
ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന മതേതരത്വവും മൗലീകവകാശങ്ങളുമാണ് ഓരോ മതസമൂഹങ്ങള്‍ക്കും വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം. കാരണം ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പം എന്നുപറയുന്നത് എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്തുക എന്നതാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട, മൗലികവകാശങ്ങളില്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 25ലും 26ലും ഏതൊരു പൗരനും തനിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക വ്യക്തിനിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
ഈ വ്യത്യസ്ത നിയമങ്ങള്‍ റദ്ദ് ചെയ്ത് യൂണിഫോം സിവില്‍ കോഡ് നിലവില്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവരുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് ഭരണഘടനയിലെ തന്നെ ഡയറക്ടീവ് പ്രിന്‍സിപ്പള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി അഥവാ നിര്‍ദേശകതത്വങ്ങളെയാണ്. ഇതില്‍ വരുന്ന ആര്‍ട്ടിക്കിള്‍ 44ല്‍ ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശങ്ങളിലെല്ലാം എല്ലാ പൗരന്മാര്‍ക്കും ബാധകമായ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് നിര്‍ദേശമുണ്ട്.
പക്ഷെ നിര്‍ദേശകതത്വങ്ങളേക്കാള്‍ ഭരണഘടന പ്രാധാന്യം നല്‍കുന്നത് പൗരന്റെ മൗലീകവകാശങ്ങള്‍ക്കായതിനാലാണ് ഇതുവരെയും യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കത്തത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി കോടതി വിധികളിലും ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.
നിലവില്‍ രാജ്യത്ത് യൂണിഫോം സിവില്‍ കോഡിന്റെ ആവശ്യമില്ലെന്നും ഈയൊരു ഘട്ടത്തില്‍ ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഉചിതമാകില്ലെന്നുമാണ് 2018 ആഗസ്ത് 31 ന് നിയമ കമ്മിഷന്‍ പ്രസ്താവിച്ചിത്. മതേതര സങ്കല്‍പങ്ങളെ ബഹുസ്വരത പ്രതികൂലമായി ബാധിക്കില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ആര്‍.എസ്.എസും യൂണിഫോം സിവില്‍ കോഡും
സംഘപരിവാറിന്റെ എക്കാലത്തെയും പ്രധാന അജണ്ടകളിലൊന്നായ യൂണിഫോം സിവില്‍ കോഡ് 1998ലാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകള്‍ക്ക് സ്വത്തവകാശവും ദത്തെടുക്കാനുള്ള അവകാശവും കുട്ടികളുടെ സംരക്ഷണത്തിനുള്ള അവകാശവും ഉറപ്പു വരുത്തുന്ന തരത്തില്‍ ഒരു ഏകീകൃത നിയമസംഹിത രൂപപ്പെടുത്തിയെടുക്കാന്‍ കേന്ദ്ര നിയമ കമ്മിഷനെ ചുമതലപ്പെടുത്തുമെന്നായിരുന്നു ഈ പ്രകടനപത്രികയില്‍ പറഞ്ഞത്. വിവാഹമോചനവുമായി ബന്ധപ്പെട്ട വിവേചനപരമായ നിയമങ്ങളെല്ലാം റദ്ദാക്കുമെന്നും എല്ലാ വിവാഹങ്ങള്‍ക്കും രജിസ്ട്രേഷന്‍ നടപ്പിലാക്കുമെന്നും ഇതില്‍ പറഞ്ഞിരുന്നു.
ബി.ജെ.പി അധികാരത്തില്‍ വന്ന സമയത്തെല്ലാം തന്നെ യൂണിഫോം സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മുസ്ലിം സമുദായത്തിലെ വിവാഹമോചനരീതിയായിരുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നടപടി യൂണിഫോം സിവില്‍ കോഡിലേക്കുള്ള ബി.ജെ.പിയുടെ ആദ്യ പടിയായി കാണാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കശ്മീരും അയോധ്യയും പോലെ എളുപ്പമായിരിക്കില്ല യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കല്‍ എന്നാണ് തങ്ങള്‍ കരുതുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ചുക്കൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘കശ്മീരിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ നിന്നും അംഗീകാരം ലഭിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും സര്‍ക്കാരിന് പിന്തുണ ലഭിക്കുകയും ചെയ്തു. രാമക്ഷേത്രമാണെങ്കില്‍ നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ രാജ്യത്തെ പരമോന്നത കോടതി തീര്‍പ്പാക്കിയതാണ്. പക്ഷെ യൂണിഫോം സിവില്‍ കോഡിനെ സംബന്ധിച്ചിടത്തോളം, അത് ഇപ്പോള്‍ നടപ്പിലാക്കേണ്ടത് അനിവാര്യതയാണെങ്കില്‍ പോലും, എല്ലാ വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുകയും ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുകയും വേണം. ഹിന്ദുകള്‍ക്കിടയില്‍ പോലും ഇതേക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ട്,’ എന്നാണ് ഈ ആര്‍.എസ്.എസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ബി.ജെ.പി എം.പി കിരോടി ലാല്‍ മീണ യൂണിഫോം സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്ന സമയം കൂടിയായിരുന്നു അത്. ഇപ്പോള്‍ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിന് ഇടവെക്കുമെന്നും അതിനാല്‍ ബില്ലിന് അനുവാദം നല്‍കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതിനാല്‍ ഈ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നില്ല.
പക്ഷെ യൂണിഫോം സിവില്‍ കോഡിന്റെ കാര്യത്തില്‍ ഒരു പടി പോലും പിറകോട്ടില്ലെന്ന് ബി.ജെ.പിയുടെ നേതാക്കള്‍ പല തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്ന ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. ‘ യൂണിഫോം സിവില്‍ കോഡ് ബി.ജെ.പിയുടെ പ്രകടനപത്രികയുടെ ഭാഗമാണ്. അത് എപ്പോള്‍ എങ്ങനെ നടപ്പാക്കണമെന്ന് മാത്രം എല്ലാവരോടും കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കും. മതത്തിന്റെ അടിസ്ഥാനത്തിനുള്ള ഒരു നിയമവും ഒരു രാജ്യത്തും ഉണ്ടാകാന്‍ പാടില്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരേ ഒരു നിയമം, അതാണ് വേണ്ടത് എന്നായിരുന്നു അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞത്.
അമിത് ഷായുടെ ഈ പ്രസ്താവന ഇരട്ടത്താപ്പ് മാത്രമാണെന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കുകയും തികച്ചും വിവേചനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ബി.ജെ.പി സര്‍ക്കാരാണോ മതാടിസ്ഥാനത്തിനുള്ള നിയമങ്ങള്‍ പാടില്ലെന്ന് വീരവാദം മുഴുക്കുന്നതെന്ന് നിരവധി പേരാണ് പ്രതികരിച്ചത്.
യൂണിഫോം സിവില്‍ കോഡിനെതിരെയുള്ള വിമര്‍ശനങ്ങള്‍
യൂണിഫോം സിവില്‍ കോഡ് നടപ്പില്‍ വരുന്നതോടെ മത സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുമെന്നും തങ്ങളുടെ വിശ്വാസങ്ങളും രീതികളും അടിച്ചമര്‍ത്തപ്പെടുമെന്നുമുള്ള ഭയമാണ് നിലവില്‍ ന്യൂനപക്ഷ മതസംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന ആശങ്ക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം യൂണിഫോം സിവില്‍ കോഡിനോടുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ട് ഒരു പ്രസ്താവനയിറക്കിയിരുന്നു, ‘ ഇന്ത്യ വ്യത്യസ്ത സംസ്‌ക്കാരങ്ങളും മതവിഭാഗങ്ങളുമുള്ള ഒരു സമൂഹമാണ്. ഓരോ വിഭാഗത്തിനും തങ്ങളുടെ സ്വത്വം നിലനിര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിഫോം സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണ്.’എന്നായിരുന്നു ഈ പ്രസ്താവനയില്‍ പറഞ്ഞത്.
വിവിധ മത സമൂഹങ്ങള്‍ക്കുള്ള വ്യക്തിനിയമങ്ങളെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട് ഒരു ഏകീകൃത നിയമം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് യൂണിഫോം സിവില്‍ കോഡിനെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭൂരിപക്ഷ സമുദായത്തിന്റെ നിയമങ്ങള്‍ രാജ്യത്തിന്റെ നിയമമാക്കി മാറ്റാനുള്ള ശ്രമം മാത്രമായിരിക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശനം. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങളും മതപരമായ അവകാശങ്ങളും ഒരുപക്ഷേ പൂര്‍ണ്ണമായും ഇല്ലാതാകാനുള്ള സാധ്യതകളിലേക്കാണ് യൂണിഫോം സിവില്‍ കോഡ് വഴിവെക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് യൂണിഫോം സിവില്‍ കോഡിനെതിരെ അടുത്ത കാലത്ത് വ്യാപക വിമര്‍ശനമുയര്‍ന്നത്. അയോധ്യയ്ക്കും കശ്മീരിനും ശേഷം, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് മേലുള്ള അടുത്ത കടന്നുകയറ്റമായിരിക്കും യൂണിഫോം സിവില്‍ കോഡ് എന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക