| Monday, 9th August 2021, 9:46 pm

കര്‍ണ്ണാടകയില്‍ വകുപ്പ് വിതരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് മന്ത്രിമാര്‍; പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വകുപ്പ് വിതരണത്തെ ചൊല്ലി കര്‍ണ്ണാടക മന്ത്രിസഭയ്ക്കുള്ളില്‍ അസ്വസ്ഥതകള്‍ രൂക്ഷമാകുന്നു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ജൂലൈ 28നാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്.

വകുപ്പ് വിതരണത്തില്‍ തൃപ്തനല്ലെന്ന് അറിയിച്ച് മന്ത്രിയായ ആനന്ദ് സിംഗ് രംഗത്തെത്തിയതാണ് തുടക്കം. നിലവില്‍ ടൂറിസം, പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ആനന്ദ് സിംഗാണ്.

‘ ഞാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി വക്താവ് എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഒരു പരസ്യപ്രസ്താന നടത്തുന്നില്ല. വിഷയം മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിക്കും,’ ബെല്ലാരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മുനിസിപ്പല്‍ ഭരണവകുപ്പ് മന്ത്രിയായ എം.ടി.ബി നാഗരാജും സമാനഭിപ്രായവുമായി എത്തി. വകുപ്പ് വിതരണത്തില്‍ അദ്ദേഹവും തൃപ്തനല്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം ആനന്ദ് സിംഗുമായി ചര്‍ച്ച നടത്തിയെന്നും അനുകൂല തീരുമാനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എം.ടി.ബി നാഗരാജുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ബസവരാജ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 28നാണ് കര്‍ണ്ണാടകയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ 29 അംഗ പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്.
യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭാ വികസനം നടപ്പിലാക്കിയത്.

മകന് വേണ്ടി യെദിയൂരപ്പ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ബസവരാജ് തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

യെദിയൂരപ്പയ്‌ക്കേറ്റ കനത്ത തിരിച്ചടിയായാണ് ബസവരാജയുടെ തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ ഇടപെടില്ലെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നു. ബസവയ്ക്ക് ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നും അത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞിരുന്നത്.

പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ആരെ വേണമെങ്കിലും മന്ത്രിയാക്കാന്‍ ബസവയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഈ വിഷയത്തില്‍ താന്‍ ഒരുതരത്തിലുമുള്ള അഭിപ്രായവും പറയില്ലെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.

എന്നാല്‍ മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ യെദിയൂരപ്പ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് മന്ത്രിസഭാവികസനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; After Karnataka Cabinet Reshuffle, Murmurs Of Dissatisfaction Among Ministers

We use cookies to give you the best possible experience. Learn more