Sports News
ഇനി കുറച്ച് ജോണ്‍ സീനയാവാം; കാബി ലേമിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാനൊരുങ്ങി എഡ്ബൂക
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 30, 05:33 am
Saturday, 30th July 2022, 11:03 am

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ കാബി ലേമിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. ലൈഫ് ഹാക്‌സ് എന്ന പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തുന്ന യൂട്യൂബര്‍മാരെയും ടിക് ടോക്കര്‍മാരെയും എയറില്‍ കയറ്റിയാണ് ഈ സെനഗലുകാരന്‍ പ്രസിദ്ധനായത്.

നിങ്ങള്‍ ചെയ്യുന്ന കാട്ടിക്കൂട്ടലുകള്‍ക്ക് പകരം ‘ഇത്രയേ ചെയ്യേണ്ടതുള്ളൂ’ എന്ന് കാണിക്കുന്ന കാബിയുടെ ഐക്കോണിക് എക്‌സ്പ്രഷനും ആരാധകരേറെയാണ്.

ആളുകളെ ട്രോളിക്കൊണ്ടാണ് കാബി പ്രസിദ്ധനായതെങ്കില്‍, പ്രശസ്തരായ താരങ്ങളെ പിക്ചര്‍ പെര്‍ഫെക്ഷനോടെ അനുകരിച്ചാണ് എഡ്ബൂക ഡികേ എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ കൈയടികളേറ്റുവാങ്ങുന്നത്.

പ്രൊഫഷണല്‍ റെസ്‌ലിങ്ങിലെ അതികായരായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരങ്ങളുടെ എന്‍ട്രന്‍സ് അനുകരിച്ചാണ് എഡ്ബൂക തരംഗമാവുന്നത്. അവരുടെ തീം മ്യൂസിക്കിനൊപ്പം, താരങ്ങളുടെ ഓരോ ജെസ്റ്ററും ഐക്കോണിക് പോസുകളും അതുപോലെ ഒപ്പിയെടുത്താണ് എഡ്ബക വീഡിയോ ചിത്രീകരിക്കാറുള്ളത്.

സ്വന്തം വീട്ടുമുറ്റത്ത് വെച്ചുതന്നെയാണ് എഡ്ബൂക്കയുടെ ഈ കസര്‍ത്തെല്ലാം അരങ്ങേറുന്നത്.

മൈന്യൂട്ട് ഡീറ്റെയ്‌ലിങ് പോലും പെര്‍ഫെക്ഷനോടെയാണ് എഡ്ബൂക അനുകരിക്കാറുള്ളത്. സൂപ്പര്‍ താരങ്ങളുടെ ടാറ്റു പോലും ഇയാള്‍ ‘അനുകരിക്കാറുണ്ട്’.

ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റുകള്‍ കാര്‍ഡ് ബോര്‍ഡില്‍ വെട്ടിയെടുത്ത് ജോണ്‍ സീനയായും റോമന്‍ റെയ്ങ്‌സായും എന്തിന് വനിതാ താരമായ സാഷാ ബാങ്‌സായിപ്പോലും എഡ്ബൂക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നിലവിലെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ റോമന്‍ റെയ്ങ്‌സിനെയും സഹോദരന്‍മാരയ ഊസോ ബ്രദേഴ്‌സിനെയും മാനേജര്‍ പോള്‍ ഹെയ്മനയും അനുകരിക്കുന്ന വീഡിയോ റോമന്‍ റെയ്ങ്‌സ് പങ്കുവെച്ചതോടെയാണ് എഡ്ബൂക്കയെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്.

പിന്നീടിങ്ങോട്ട് റെസ്‌ലിങ് സര്‍ക്കിളുകളില്‍ എഡ്ബൂക മയമായിരുന്നു. അണ്ടര്‍ ടേക്കറായും ട്രിപ്പിള്‍ എച്ചായും റാന്‍ഡി ഓര്‍ട്ടണായും ബറ്റീസ്റ്റയായും മിസ്സായും ഇദ്ദേഹം ആരാധകര്‍ക്കുമുന്നിലെത്തി.

ഇവരുടെ പ്രകടനം കണ്ട് മതിമറന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇ തങ്ങളുടെ വിവിധ ചാമ്പ്യന്‍ഷിപ്പുകളുടെ റെപ്ലിക്ക ബെല്‍റ്റുകള്‍ ഇവര്‍ക്ക് സമ്മാനിച്ചായിരുന്നു ഇവരോടുള്ള സ്‌നേഹം വ്യക്തമാക്കിയത്.

കഴിവുകൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും തന്റെ ജീവിതനിലവാരം തന്നെ മാറ്റി മറിച്ച കാബിയെ പോലെ, എഡ്ബൂക്കയുടെ കഴിവ് തന്നെ അവന് തുണയാവുമെന്നാണ് ഇദ്ദേഹത്തിന്റെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: After Kabe Lame Edbuka Dikeh also goes viral in socila media