ന്യൂദല്‍ഹി: ജാര്‍ഖണ്ഡിന് ശേഷം മധ്യപ്രദേശ്, ഹരിയാന, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. അദ്ധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നുവരികയാണ്.
മധ്യപ്രദേശില്‍ എ.ഐ,സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാന അദ്ധ്യക്ഷനായേക്കും. നിലവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ് അദ്ധ്യക്ഷന്‍. സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കമന്‍നാഥ് പാര്‍ട്ടിയെ അറിയിച്ചിരുന്നു. മറ്റൊരു നേതാവായ അജയ് സിങിന്റെ പേരും ചര്‍ച്ചകളിലുണ്ട്.
മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചതിനെ തുടര്‍ന്നാണ് ദല്‍ഹിയില്‍ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. മുന്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അജയ് മാക്കന്‍, ദേവേന്ദ്ര യാദവ് എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. അജയ് മാക്കനാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത പറയപ്പെടുന്നത്.
പ്രതിസന്ധി തുടരുന്ന ഹരിയാനയില്‍ നിലവിലെ അദ്ധ്യക്ഷനായ അശോക് തന്‍വറെ മാറ്റി മുന്‍ കേന്ദ്രമന്ത്രി കുമാരി ശെല്‍ജയെ അദ്ധ്യക്ഷയായി തെരഞ്ഞെടുത്തേക്കും. നാല് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെയും സംസ്ഥാനത്ത് പാര്‍ട്ടി തെരഞ്ഞെടുക്കും. ഇതിലൊരാള്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡ ആയേക്കും.