പട്‌ന: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി ബി.ജെ.പിയെ മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഗോത്ര വര്‍ഗ വിഭാഗത്തിന് ബി.ജെ.പിയോടുള്ള അസംതൃപ്തി ബംഗാളില്‍ അവരെ ബാധിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ബിഹാറില്‍ സഖ്യകക്ഷികളില്‍ നിന്ന് ബി.ജെ.പിക്കു തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.
ഏറെക്കാലമായി ജാര്‍ഖണ്ഡില്‍ സഖ്യത്തിലുണ്ടായിരുന്ന എ.ജെ.എസ്.യുവിനെ ഇത്തവണ വിശ്വാസ്യത്തിലെടുക്കാന്‍ ബി.ജെ.പിക്കായിരുന്നില്ല. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് ജെ.എം.എം, ആര്‍.ജെ.ഡി പാര്‍ട്ടികളുമായി വിജയകരമായി സഖ്യം പൂര്‍ത്തിയാക്കി.
അതിനു പുറമേ ജാര്‍ഖണ്ഡിലെ ചെറുകക്ഷികളായ ജെ.ഡി.യുവും എല്‍.ജെ.പിയും സീറ്റ് വിഹിതത്തെച്ചൊല്ലി സഖ്യത്തില്‍ ചേരാതെ പോയതും ബി.ജെ.പിക്കു തിരിച്ചടിയായിരുന്നു.
ഇതുതന്നെയാണ് ബിഹാറിലും അവരെ കാത്തിരിക്കുന്നത്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ഇടഞ്ഞുനില്‍ക്കുന്ന ഭരണകക്ഷിയായ ജെ.ഡി.യുവുമായി സമവായത്തിലെത്താന്‍ ബി.ജെ.പിക്കായിട്ടില്ല. നിതീഷ് കുമാറിനെപ്പോലൊരു നേതാവിനെ പിണക്കി ബി.ജെ.പിക്കവിടെ ഒറ്റയ്ക്കു ഭരണം പിടിക്കുവാനും സാധ്യമല്ല.
എന്‍.ആര്‍.സിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ജെ.ഡി.യു എന്നതും ബി.ജെ.പിക്കു തലവേദനയാണ്.
പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴായി ജെ.ഡി.യു-ബി.ജെ.പി സഖ്യത്തില്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് ജെ.ഡി.യു നേതാക്കള്‍ പരസ്യമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
പാര്‍ട്ടി വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍, മുതിര്‍ന്ന നേതാവ് പവന്‍ വര്‍മ, വക്താവ് കെ.സി ത്യാഗി എന്നിവര്‍ ഇതിനോടകം തന്നെ എന്‍.ആര്‍.സിയില്‍ പടവാളെടുത്തുകഴിഞ്ഞു. ബി.ജെ.പി സഖ്യകക്ഷികളെ കുറച്ചുകൂടി ഉള്‍ക്കൊള്ളണമെന്നാണ് ത്യാഗി പറയുന്നത്. പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഹിത ചര്‍ച്ചകളില്‍ ബി.ജെ.പി വെച്ച ഫോര്‍മുല ജെ.ഡി.യു അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ജെ.ഡി.യുവിന്റെ നിര്‍ബന്ധത്തിന് അവര്‍ക്കു വഴങ്ങേണ്ടിവന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഉണ്ടായതുപോലൊരു പ്രശ്‌നം ബിഹാറിലും ജെ.ഡി.യു തള്ളിക്കളയുന്നില്ല.
ബിഹാറിലെ ബി.ജെ.പിയുടെ നേതാക്കള്‍ക്കാകട്ടെ, നിതീഷ് കുമാറിനെ മാറ്റി പകരം ഒരു ബി.ജെ.പി നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹവുമുണ്ട്. പലവട്ടം പരസ്യമായി അവരിത് ആവശ്യപ്പെട്ടതുമാണ്. ഇതു തുടര്‍ന്നാല്‍ ഒരിക്കല്‍ക്കൂടി ബിഹാര്‍ രാഷ്ട്രീയം കലങ്ങിമറിയുന്നത് കാണേണ്ടിവരും.