ജെ.ഡി.യുവിന് ശേഷം ടി.ഡി.പി; കൂടുതൽ കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട് ടി.ഡി.പി നേതൃത്വം
India
ജെ.ഡി.യുവിന് ശേഷം ടി.ഡി.പി; കൂടുതൽ കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട് ടി.ഡി.പി നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 2:01 pm

ന്യൂദൽഹി: ബീഹാറിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടുള്ള ജെ.ഡി.യുവിന്റെ പ്രമേയത്തിന് പിന്നാലെ കൂടുതൽ കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട് ടി.ഡി.പിയും രംഗത്ത്. ആന്ധ്രാപ്രദേശിന്റെ വികസനമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയാണ്‌ പാർട്ടിയുടെ കടമയാണെന്നും അതിനായി സർക്കാരിനോട് സഹകരിച്ച് പ്രവർത്തിക്കുന്നതാണ് തങ്ങളുടെ അജണ്ടയെന്നും ടി.ഡി.പി നേതൃത്വം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രത്തിൽ നിന്ന് കഴിയുന്നത്ര ഫണ്ട് ലഭ്യമാക്കാൻ പാർട്ടി ശ്രമിക്കുമെന്ന് ടി.ഡി.പി നേതാവ് കൃഷ്ണ ദേവരായലു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യമുണ്ടോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘പ്രത്യേക പാക്കേജോ പദവിയോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന് കൂടുതൽ കേന്ദ്ര ധനസഹായം ലഭിക്കുക എന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്ഥാനത്തിന്റെ വികസനമാണ് ഞങ്ങളുടെ മുഖ്യ അജണ്ടയെന്ന് ഞങ്ങളുടെ നേതാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിൽ ഉറച്ച് നിൽക്കുകയും ചെയ്യും. അതോടൊപ്പം സംസ്ഥാന വികസനത്തിനായി എൻ.ഡി.എയോടൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡിയുവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും ബി.ജെപിയുടെ പ്രധാന സഖ്യകക്ഷികളാണ്. 16 സീറ്റുകളുമായി ടി.ഡി.പി, എൻ.ഡി.എയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണ്. ജെ.ഡി.യുവിന് 12 സീറ്റുകളാണ് ഉള്ളത്.

ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പദവി നൽകണമെന്ന് നിതീഷും നായിഡുവും ഏറെ നാളായി വാദിക്കുന്നുണ്ട്. പ്രത്യേക പദവിയുടെ പേരിൽ 2018ൽ ടി.ഡി.പി എൻ.ഡി.എ സർക്കാരിൽ നിന്ന് പുറത്ത് പോയിരുന്നു. എൻ.ഡി.എ വിടുന്നതിന് മുമ്പ് സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയവും പാർട്ടി അവതരിപ്പിച്ചിരുന്നു.

പ്രത്യേക പദവിക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് മുൻഗണന ലഭിക്കും. കേന്ദ്രാവിഷ്‌കരണ പദ്ധതികളിൽ ഈ വിഭാഗത്തിലുള്ള സംസ്ഥാനങ്ങൾക്ക് 90 ശതമാനം ഫണ്ടും കേന്ദ്രം തന്നെ നൽകുന്നതായിരിക്കും. ബാക്കി 10 ശതമാനം വിഹിതം മാത്രം സംസ്ഥാന സർക്കാർ കരുതിയാൽ മതി.

 

Content Highlight: After JDU, TDP asks for more central funds