ഓം ഉം അള്ളാഹുവും ഒന്നാണെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നേതാവ്; വേദി വിട്ടിറങ്ങി മറ്റ് മതനേതാക്കള്‍
national news
ഓം ഉം അള്ളാഹുവും ഒന്നാണെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നേതാവ്; വേദി വിട്ടിറങ്ങി മറ്റ് മതനേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th February 2023, 9:13 pm

ന്യൂദല്‍ഹി: ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷന്‍ സയീദ് അര്‍ഷദ് മദനിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് വ്യത്യസ്ത മതനേതാക്കള്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

ന്യൂദല്‍ഹിയില്‍ വെച്ച് നടക്കുന്ന ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ 34ാം പൊതുസമ്മേളന വേദിയില്‍ നിന്നാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്. ഓം എന്നതും അള്ളാഹു എന്നതും ഒന്നാണെന്നതും, മനുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് മറ്റ് മത നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയത്.

നേതാക്കള്‍ ഇറങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ തന്നെ വേദിയില്‍ തുടരാന്‍ തയ്യാറാകണമെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നേതാക്കള്‍ ഇവരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ വേദിയില്‍ നിന്നും പോകുകയായിരുന്നു.

ഓം, അള്ളാഹു, മനു എന്നിവയെ കുറിച്ച് മദനി പറഞ്ഞത് അസംബന്ധം നിറഞ്ഞ കഥകളാണെന്ന് ജൈനമത സന്യാസിയായ ആചാര്യ ലോകേഷ് മുനി പറഞ്ഞു.

‘സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്നതിന് തന്നെയാണ് ഞങ്ങളും പ്രാധാന്യം കൊടുക്കുന്നത്. പക്ഷെ ഓം, അള്ളാഹു, മനു എന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം അസംബന്ധങ്ങളാണ്. ഈ സമ്മേളനത്തിന്റെ അന്തരീക്ഷത്തെ തന്നെ അദ്ദേഹം നശിപ്പിച്ചു കളഞ്ഞു.

പറയാനാണെങ്കില്‍ എനിക്കും ഇതിനേക്കാള്‍ വമ്പന്‍ കഥകള്‍ പറയാനുണ്ട്. പക്ഷെ അതിന് നില്‍ക്കുന്നില്ല, അദ്ദേഹം എന്നോടൊപ്പം ഒരു ചര്‍ച്ചക്ക് തയ്യാറാവണമെന്നാണ് പറയാനുള്ളത്,’ ആചാര്യ ലോകേഷ് മുനി പറഞ്ഞു.

ഒന്നുമില്ലാതിരുന്ന സമയത്ത് മനു ആരെയായിരുന്നു ആരാധിച്ചിരുന്നതെന്ന് താന്‍ പല ഗുരുക്കളോടും ചോദിച്ചിരുന്നുവെന്ന വാക്കുകളോടെ തുടങ്ങിയ മദനിയുടെ പ്രസംഗമാണ് ആചാര്യ ലോകേഷ് മുനിയടക്കമുള്ളവരില്‍ അനിഷ്ടമുണ്ടാക്കിയത്.

‘ശ്രീരാമനോ ബ്രഹ്മാവോ ശിവനോ ഒന്നും ഇല്ലാതിരുന്നപ്പോള്‍ ആരെയാണ് മനു ആരാധിച്ചിരുന്നത് എന്ന് ഞാന്‍ ധര്‍മ ഗുരുക്കളോട് ചോദിച്ചു. ചിലര്‍ ശിവനെ എന്ന് പറഞ്ഞെങ്കിലും അവര്‍ക്കതിനെ സാധൂകരിക്കാന്‍ തക്ക വസ്തുകളൊന്നും പറയാനുണ്ടായിരുന്നില്ല.

അപൂര്‍വം ചിലര്‍ മാത്രം ഓം എന്ന് മറുപടി നല്‍കി. അപ്പോള്‍ ഈ ഓം ആരാണെന്ന് ഞാന്‍ ചോദിച്ചു. കാണാനോ സ്പര്‍ശിക്കാനോ ആകാത്ത വായു പോലെയൊന്നാണ് ഓം എന്നാണ് അവര്‍ പറഞ്ഞത്.

അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ഈ ഓം എന്നതിനെയാണ് ഞങ്ങള്‍ അള്ളാഹു എന്ന് വിളിക്കുന്നത് എന്ന്. പാര്‍സി സംസാരിക്കുന്നവര്‍ ഖുദ എന്നും ഇംഗ്ലീഷുകാര്‍ ഗോഡ് എന്ന് പറയുന്നതുമെല്ലാം ഇത് തന്നെ.

അതായത് ഓം ഉം അള്ളാഹുവും ഒന്നാണ്. അതിനെ മാത്രമാണ് മനു ആരാധിച്ചിരുന്നത്. അന്ന് ശിവനോ ബ്രഹ്മാവോ ഒന്നുമില്ലായിരുന്നു. എല്ലാവരും ആരാധിച്ചിരുന്നത് ഓം എന്നതിനെയോ അള്ളാഹുവിനെയോ ആയിരുന്നു,’ എന്നായിരുന്നു സയീദ് അര്‍ഷദ് മദനിയുടെ വാക്കുകള്‍.

1400ലേറെ വര്‍ഷമായി ഹിന്ദുക്കളും മുസ്‌ലിങ്ങളും ഇന്ത്യയില്‍ സമാധാനത്തോടെ കഴിയുകയായിരുന്നെന്നും ആരെയും ഇസ്‌ലാമിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും പ്രസംഗത്തിനിടെ മദനി പറഞ്ഞിരുന്നു.

‘ബി.ജെ.പി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് 20 കോടി മുസ് ലിങ്ങളെ ജന്മഗൃഹത്തിലേക്ക് പറഞ്ഞയക്കുമെന്നെല്ലാം കേള്‍ക്കുന്നത്. അങ്ങനെ കുടുംബത്തിലേക്ക് തിരിച്ചയക്കും എന്നതിലൂടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ പറയുന്നവര്‍ക്ക് ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഒന്നും അറിയില്ല,’ അര്‍ഷദ് മദനി പറഞ്ഞു.

ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ മറ്റൊരു അധ്യക്ഷനായ മഹ്മൂദ് മദനി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനും ഇന്ത്യക്ക് മേല്‍ എത്രമാത്രം അവകാശമുണ്ടോ അത്രയും അവകാശം തനിക്കുമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlight: After Jamiat Ulama-I-Hind President Arshad Madani’s Om Allah remarks, religious leaders walk out of the program