ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തടവില്‍ക്കഴിയുന്ന മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമെന്ന് പാകിസ്ഥാന്‍. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.
ഇന്നു ഉച്ചയോടെയായിരുന്നു കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്.
കുല്‍ഭൂഷണ്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയ പാകിസ്ഥാന്‍ അദ്ദേഹത്തെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമെന്നും വിശേഷിപ്പിക്കുകയായിരുന്നു. നേരത്തെ കനത്ത സുരക്ഷയുടെ നടുവിലായിരുന്നു പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയ ഓഫിസിലെ കുടുംബത്തിന്റെ കൂടിക്കാഴ്ച.
22 മാസത്തിനു ശേഷമാണ് ഭാര്യയും അമ്മയും കുല്‍ഭൂഷണെ കാണുന്നത്. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്.