ഡബ്ലിന്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയെന്നാരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയെ അയര്‍ലാന്‍ഡ് പിന്തുണച്ചതിന് പിന്നാലെ രാജ്യത്തെ എംബസി അടച്ചുപൂട്ടാനൊരുങ്ങി ഇസ്രഈല്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഐ.സി.ജെയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത ഹരജിയില്‍ പങ്കുചേരാന്‍ അയര്‍ലാന്‍ഡ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ചത്. തീവ്രമായ ഇസ്രഈല്‍ വിരുദ്ധ നയങ്ങളാണ് അയര്‍ലാന്‍ഡിനെ ഇതിനെ പ്രേരിപ്പിച്ചതെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു.
അതേസമയം ഇസ്രഈലിന്റെ തീരുമാനം ഖേദകരമായിപ്പോയെന്ന് ഐറിഷ് തലവനായ സിമോണ്‍ ഹാരിസ് പ്രതികരിച്ചു.
‘ഇത് നെതന്യാഹു സര്‍ക്കാരില്‍ നിന്നുള്ള വളരെ ഖേദകരമായ തീരുമാനമാണ്. അയര്‍ലാന്‍ഡ് ഇസ്രഈല്‍ വിരുദ്ധമാണെന്ന വാദം ഞാന്‍ നിഷേധിക്കുന്നു. അയര്‍ലാന്‍ഡ് സമാധാനത്തിനും മനുഷ്യാവകാശത്തിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്.
അയര്‍ലാന്‍ഡ് ദ്വിരാഷ്ട്ര പരിഹാരവും ഇസ്രഈലും ഫലസ്തീനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കുന്നത് കാണാനും ആഗ്രഹിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വേണ്ടി അയര്‍ലാന്‍ഡ് എപ്പോഴും സംസാരിക്കും. അതില്‍ നിന്ന് വ്യതിചലിക്കില്ല,’ സിമോണ്‍ പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത വംശഹത്യ ആരോപണ ഹരജിയില്‍ പങ്കുചേര്‍ന്ന ഈജിപ്ത്, സ്‌പെയിന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരെ സമാനമായ നടപടികള്‍ ഇസ്രഈല്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
മുമ്പ് ഫലസ്തീനെ സ്വതന്ത്ര്യ രാഷ്ട്രമായി അംഗീകരിക്കാന്‍ അയര്‍ലാന്‍ഡ് തീരുമാനിച്ചപ്പോള്‍ ഡബ്ലിനിലെ അംബാസഡറെ ഇസ്രഈല്‍ തിരിച്ചുവിളിച്ചിരുന്നു. അതിനാല്‍തന്നെ ഫലസ്തീന്‍ വിഷയത്തില്‍ അയര്‍ലാന്‍ഡിന്റെ നിലപാട് കാരണം അയര്‍ലാന്‍ഡും ഇസ്രഈലും തമ്മിലുള്ള ബന്ധം വളരെക്കാലമായി വഷളായിരുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, അയര്‍ലാന്‍ഡിലേക്ക് യാത്ര ചെയ്താല്‍, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കസ്റ്റഡിയിലെടുക്കുമെന്ന് ഹാരിസ് പറഞ്ഞിരുന്നു.
അതേസമയം നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐ.സി.സി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഇസ്രഈല്‍ അപ്പീല്‍ സമര്‍പ്പിച്ചതായി ആര്‍മി റേഡിയോ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: After Ireland supports ICJ genocide petition, Israel to shutdown embassy in Country