ഭോപ്പാല്‍: കൊവിഡ് ‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്.
ഇന്ത്യ ഒരിക്കലും മികച്ചതല്ല മറിച്ച് കുപ്രസിദ്ധമാണെന്നാണ് കമല്‍നാഥിന്റെ പ്രസ്താവന.
” ഇന്ത്യ മികച്ചതല്ലെന്ന് ഞാന്‍ പറയുന്നു, ഇന്ത്യ കുപ്രസിദ്ധമാണ്. കൊവിഡ് മഹാമാരിയുടെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ ജനതയുടെ പ്രവേശനം നിരോധിച്ചു. ഞാന്‍ അടുത്തിടെ ഉജ്ജൈനില്‍ ഇത് പറഞ്ഞു, ഞാന്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് അടുത്തിടെ ആരോ ഒരാള്‍ എന്നെ വിളിച്ച് പറഞ്ഞു അവിടെയുള്ള ആളുകള്‍ ഇന്ത്യക്കാര്‍ ഓടിക്കുന്ന കാബുകള്‍ വിളിക്കുന്നില്ല,” കമല്‍ നാഥ് പറഞ്ഞു.
കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബി.ജെ.പി അംഗീകരിച്ചില്ലെന്നായിരുന്നു കമല്‍നാഥ് നേരത്തെ നടത്തിയ പ്രസ്താവന. ബി.1.617 കൊവിഡ് വേരിയന്റിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് ടാഗ് ചെയ്തുകൊണ്ടായിരുന്നു പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുരന്ത നിവാരണ നിയന്ത്രണ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കമല്‍നാഥിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തില്ലേ എന്നും ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമല്ലേ എന്നുമാണ് ചൗഹാന്‍ ചോദിച്ചത്.
ഇന്ത്യന്‍ വകഭേദം എന്നൊന്നില്ല എന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ബി. 1.617 എന്നത് ഇന്ത്യന്‍ വകഭേദമാണ് എന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.
ബി.1.617 എന്നത് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാന്‍ കേന്ദ്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
കൊവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നു എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റായ കാര്യമാണെന്നുമാണ് ഐ. ടി മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: After ‘Indian Variant’ remark, Kamal Nath kicks up fresh row with ‘Bharat Badnam’ remark