ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനം മാറ്റാനാണ് ഗംഭീർ മുന്നറിയിപ്പ് നൽകിയത്.
ഏഷ്യാ കപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മുൻ ഇന്ത്യൻ ഓപ്പണർ മുന്നറിയിപ്പ് നൽകിയത്.
‘രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഒരിക്കലും സംശയം തോന്നിയിട്ടില്ല. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ച് കിരീടങ്ങൾ അദ്ദേഹം നേടി. പലർക്കും ഇത് നേടാനായിട്ടില്ല. ലോകകപ്പിന്റെ ആ പതിനഞ്ച് ദിവസങ്ങൾ രോഹിത്തിന് പരീക്ഷണങ്ങളുടേതായിരിക്കും. ഏറ്റവും മികച്ച 15-18 താരങ്ങൾ ഡ്രസിങ് റൂമിലുണ്ട്. ഓരോ ലോകകപ്പിന് ശേഷവും ഉയരുന്ന ചോദ്യങ്ങൾക്ക് ക്യാപ്റ്റൻമാർക്ക് കൃത്യമായി ഉത്തരം നൽകാൻ സാധിക്കണം. 2019 ൽ കോഹ്‌ലിയും 2007 ൽ ദ്രാവിഡും ഇത് നേരിട്ടു. ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ രോഹിത്തിനെതിരെ ചോദ്യങ്ങൾ ഉയരും. എന്നാൽ നിലവിലെ ഇന്ത്യൻ ടീമിന് ഫൈനലിൽ എത്താനുള്ള കഴിവ് ഉണ്ട്,’ സ്റ്റാർ സ്പോർട്സിലൂടെ ഗംഭീർ പറഞ്ഞു.
ഏഷ്യാ കപ്പ് നേടിയത് ഇന്ത്യൻ ടീമിന് കൂടുതൽ ആത്മവിശ്വാസമാണ് നൽകുന്നത്. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ക്യാപ്റ്റൻമാരിൽ ഒരാളാവാനും രോഹിത്തിന് കഴിഞ്ഞു. ശ്രീലങ്കയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് കൊണ്ടായിരുന്നു ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റിന്റെ മികവിൽ 50 റൺസിന് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 6.1 ഓവറിൽ മറികടക്കുകയായിരുന്നു.
നീണ്ട 13 വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിലെത്തുമ്പോൾ രോഹിത് ശർമയുടെ കീഴിൽ കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.