'അന്താരാഷ്ട്ര കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇസ്രഈലിനുള്ള സഹായം മുഴുവൻ രാജ്യങ്ങളും അവസാനിപ്പിക്കണം'
World News
'അന്താരാഷ്ട്ര കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇസ്രഈലിനുള്ള സഹായം മുഴുവൻ രാജ്യങ്ങളും അവസാനിപ്പിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2024, 2:15 pm

പ്രിട്ടോറിയ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മുഴുവൻ രാജ്യങ്ങളും ഇസ്രഈലിന് നൽകുന്ന സഹായങ്ങൾ അവസാനിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പാൻഡോർ.

ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിലെ അന്താരാഷ്ട്ര കോടതിയുടെ വിധിയിൽ നിന്ന് ഗസയിൽ ഫലസ്തീൻ ജനതക്കെതിരെ വംശഹത്യ നടക്കുന്നുണ്ടെന്ന കാര്യം സത്യമാണെന്ന് വ്യക്തമായി എന്നും പാൻഡോർ പറഞ്ഞു.

‘ഇസ്രഈലിന്റെ സൈനിക നടപടികൾ എളുപ്പമാക്കുന്നതിന് എല്ലാ രാജ്യങ്ങളും ലഭ്യമാക്കുന്ന സഹായങ്ങൾ അവസാനിപ്പിക്കുവാനുള്ളതാണ് ഈ വിധിന്യായം,’ അവർ പറഞ്ഞു.

ഇസ്രഈൽ വംശഹത്യ കുറ്റം നടത്തിയോ ഇല്ലയോ എന്ന് അന്താരാഷ്ട്ര കോടതി നിർണയിച്ചിട്ടില്ല. അതേസമയം ഗസയിൽ വംശഹത്യ കുറ്റം നടത്തുന്നതിൽ നിന്ന് സൈനികരെ തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രഈൽ ഭരണകൂടത്തോട് കോടതി ഉത്തരവിട്ടിരുന്നു.

അന്താരാഷ്ട്ര കോടതിയുടെ വിധി ഇസ്രഈലിന്റെ പരാജയമായാണ് വിലയിരുത്തുന്നത്.

ഗസയിൽ വംശഹത്യ നടന്നുവെന്ന് കോടതി വിധിച്ചിരുന്നെങ്കിൽ ഇസ്രഈലി ഭരണകൂടം ശിക്ഷിക്കപ്പെടുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ ദക്ഷിണാഫ്രിക്കക്കെതിരെ ഇസ്രഈൽ രംഗത്ത് വന്നിരുന്നു.

അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ വ്യാജവാർത്തകളും കള്ളത്തരങ്ങളും പ്രചരിപ്പിക്കുകയാണ് ഇസ്രഈലി ഭരണകൂടം എന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയുടെ വക്താവ് ആരോപിച്ചിരുന്നു.

Content Highlight: After ICJ ruling, all countries now obliged to stop aiding Israel’s Gaza war: South Africa FM