പോത്തിനെ ഇടിച്ചതിന് പിന്നാലെ പശുവിനേയും; ഗുജറാത്തില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ കഷ്ടകാലം തുടരുന്നു
national news
പോത്തിനെ ഇടിച്ചതിന് പിന്നാലെ പശുവിനേയും; ഗുജറാത്തില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ കഷ്ടകാലം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2022, 7:52 pm

ന്യൂദല്‍ഹി: ഗാന്ധിനഗര്‍-മുംബൈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് പശുവിനെ ഇടിച്ചു. ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ മുന്‍ ഭാഗത്തെ ബമ്പറിന് കേടുപാട് സംഭവിച്ചു.

അപകടത്തെ തുടര്‍ന്ന് 20 മിനിട്ടോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നെന്നും മറ്റ് അപായങ്ങളൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും പോത്തുകളെ ഇടിച്ചതിനെ തുടര്‍ന്ന് ഗാന്ധി നഗര്‍- മുംബൈ വന്ദേഭാരത് ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ അപകടത്തില്‍ നാല് പോത്തുകള്‍ ചത്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു.

അപകടത്തിന് പിന്നാലെ കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് സമാനമായ മറ്റൊരു അപകടം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓട്ടംതുടങ്ങി ഒരാഴ്ച തികയും മുമ്പേ അപകടത്തില്‍പ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

സെപ്തംബര്‍ 30നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ധേശീയമായി നിര്‍മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.