| Monday, 23rd March 2020, 9:09 am

കൊവിഡിനെ തടയാന്‍ സോപ്പ് പോര ഹാന്‍ഡ് വാഷ് വേണമെന്ന് ഡെട്ടോള്‍; ലൈഫ് ബോയിയുടെ ഹരജിയില്‍ പരസ്യം പിന്‍വലിക്കണമെന്ന് കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റെക്കിറ്റ് ബെന്‍കിസര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെട്ടോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യത്തിനെതിരെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ബോംബെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പരസ്യം പിന്‍വലിക്കാനൊരുങ്ങി കമ്പനി. ഡെട്ടോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യം പിന്‍വലിക്കുമെന്ന് ബോംബെ ഹൈക്കോടതിയെ കമ്പനി അറിയിച്ചു.

ലൈഫ് ബോയ് സോപ്പ് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്.

ലോകം കൊറോണ വിപത്തിനെ നേരിടുന്ന സമയത്ത് ലോകാരോഗ്യ സംഘടന സോപ്പും വെള്ളവും ഉപയോഗിക്കാന്‍ മാര്‍ഗം നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിലും സോപ്പുകള്‍ ഗുണകരമല്ല എന്ന സന്ദേശമാണ് ഡെട്ടോള്‍ നല്‍കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വാദം.

സോപ്പ് ഉപയോഗശൂന്യമാണെന്ന് വ്യാജ പ്രചരണം നടത്തി പൊതുജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചുവെന്നാരോപിച്ച് ഡൊട്ടോളിന്റെ പരസ്യം പ്രക്ഷേപണം ചെയ്യുന്നത് തടയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് എച്ച്.യു.എല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ജസ്റ്റിസ് കെ.ആര്‍ ശ്രീറാം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച എച്ച്.യു.എല്ലിന്റെ ഹരജി കേട്ടത്.

സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈ കഴുകുന്നത് പൂര്‍ണ്ണമായും ഉപയോഗശൂന്യമാണെന്നും ഹാന്‍ഡ് വാഷ് മാത്രമാണ് ഫലപ്രദമായ മാര്‍ഗ്ഗം മെന്നുമുള്ള ഡെട്ടോളിന്റെ പരസ്യം റെക്കിറ്റ് ലൈഫ് ബോയ് സോപ്പിന്റെ വ്യാപാരമുദ്രയെ അവഹേളിച്ചെന്നും അണുക്കളില്‍ നിന്നുള്ള പത്തിരട്ടി സംരക്ഷണം എന്ന ഡെട്ടോളിന്റെ വാദം തെറ്റാണെന്നും ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് അത്തരം വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണെന്നും എച്ച്.യു.എല്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more