ഭോപ്പാല്‍: എം.ബി.ബി.എസ് പാഠപുസ്തകങ്ങള്‍ ഹിന്ദിയിലാക്കിയതിന് പിന്നാലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ധന്വന്തരി പൂജ നടത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ പൂജ നടത്താനൊരുങ്ങുന്നത്.
ഗണേശോത്സവത്തിന് സമാനമായി എല്ലാ വര്‍ഷവും ദീപാവലി ആഘോഷത്തിന്റെ ആദ്യ ദിവസം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ധന്വന്തരി പൂജ നടത്തുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുക എന്നതാണ് മെഡിക്കല്‍ കോളേജുകളില്‍ ധന്വന്തരി പൂജ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഭഗവാന്‍ ധന്വന്തരിയെ പൂജിക്കുന്നതിലൂടെ നമ്മള്‍ പ്രാര്‍ഥിക്കുന്നത് നമ്മുടെയും മറ്റുള്ളവരുടേയും ആരോഗ്യത്തിനാണ്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ധന്വന്തരി പൂജ നടത്തും. എല്ലാ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും മറ്റ് ജീവനക്കാരും പൂജയില്‍ പങ്കെടുക്കുകയും എല്ലാവരുടേയും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും,’ വിശ്വാസ് സാരംഗ് പറഞ്ഞു.
ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ് ഞായറാഴ്ച മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്.
ഇംഗ്ലീഷ് അറിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതായാണ് ഹിന്ദി പാഠപുസ്തകങ്ങളുടെ പ്രകാശനത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്. ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്ക് കുറിപ്പടിയുടെ മുകളില്‍ ‘ശ്രീ ഹരി’ എന്ന് എഴുതാമെന്നും തുടര്‍ന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയില്‍ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചിരുന്നു. മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവര്‍ത്തനം ചെയ്ത പതിപ്പുകള്‍ 97 ഡോക്ടര്‍മാരുടെ സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയാറാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഹിന്ദി മുഖ്യമാധ്യമമാക്കണമെന്ന് പാര്‍ലമെന്ററി സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.