ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന എച്ച്.ഡി കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെ വിഷയത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എ എസ്.ടി സോമശേഖര്‍.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവാണ് സോമശേഖര്‍ ഖേദം രേഖപ്പെടുത്തിയതായി അറിയിച്ചത്. ലക്ഷ്മണ രേഖ കടക്കാന്‍ പാര്‍ട്ടിയിലെ ഒരാളേയും അനുവദിക്കില്ലെന്നു ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ കര്‍ണാടകയില്‍ യഥാര്‍ത്ഥ വികസനം കൈവരുമായിരുന്നെന്നും സിദ്ധരാമയ്യയുടെ അത്ര ശോഭിക്കാന്‍ കുമാരസ്വാമിയ്ക്ക് കഴിയുന്നില്ലെന്നുമായിരുന്നു സോമേശേഖര്‍ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു രാജിഭീഷണിയുമായി കുമാരസ്വാമി രംഗത്തെത്തിയത്.
Dont Miss മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
തങ്ങളുടെ നേതാവ് സിദ്ധരാമയ്യയാണെന്ന് നിരന്തരം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരിധി വിടുന്നുവെന്ന് പറഞ്ഞായിരുന്നു കുമാരസ്വാമി രാജിഭീഷണി മുഴക്കിയത്. കോണ്‍ഗ്രസ് നേതൃത്വം അവരുടെ എം.എല്‍.എമാരെ നിലയ്ക്കുനിര്‍ത്തണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ എം.എല്‍.എമാര്‍ക്ക് താക്കീതുമായി ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തുകയായിരുന്നു. “”എസ്.ടി സോമശേഖറിന്റെ പ്രസ്താവന എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ഇത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവില്ല. പ്രത്യേകിച്ച് അദ്ദേഹത്തെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍. ഇത് അച്ചടക്ക ലംഘനം തന്നെയാണ്. നടപടി എടുത്തിരിക്കും””- ദിനേഷ് റാവു പറഞ്ഞു.
ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് സോമശേഖര്‍ രംഗത്തെത്തി. കെ.പി.സി.സി ഓഫീസിലെത്തിയായിരുന്നു സോമശേഖര്‍ വിശദീകരണം നല്‍കിയത്. മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞതായി ദിനേഷ് ഗുണ്ടു പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും എം.എല്‍.എമാരില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ജി. പരമേശ്വര സിദ്ധരാമയ്യയാണ് തങ്ങള്‍ക്ക് പറ്റിയ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലവനാണ് അദ്ദേഹമെന്നും അദ്ദേഹം മികച്ച നിയമസഭാ സാമാജികനാണെന്നും തങ്ങളുടെ എം.എല്‍.എമാരെ സംബന്ധിച്ച് സിദ്ധരാമയ്യ തന്നെയാണ് അവരുടെ മുഖ്യമന്ത്രിയെന്നുമായിരുന്നു പരമേശ്വര പ്രതികരിച്ചത്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാത്രമല്ല കുമാരസ്വാമി മന്ത്രി സഭയിലെ ചില മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നതായി ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിയുടെ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ചോദ്യം ചെയ്തതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.