യു.എസില്‍ അക്രമിയുടെ വെടിയേറ്റ്‌ സിഖുകാരന്‍ മരിച്ചു
World
യു.എസില്‍ അക്രമിയുടെ വെടിയേറ്റ്‌ സിഖുകാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2012, 9:02 am

വാഷിങ്ടണ്‍: യു.എസിലെ വിസ്‌കോണ്‍സിനില്‍ സിഖുകാരനായ കടയുടമ അക്രമികളുടെ വെടിയേറ്റ്‌ മരിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറി-പഴ വ്യാപാരം നടത്തുന്ന ദല്‍ബീര്‍ സിങ് (56) എന്നയാളാണ് കൊല്ലപ്പെട്ടത്. []

വിസ്‌കോണ്‍സിന്‍ ഗുരുദ്വാര കമ്മിറ്റിയിലെ അംഗം കൂടിയാണ് കൊല്ലപ്പെട്ട ദല്‍ബീര്‍. കടയ്ക്കുള്ളിലേയ്ക്ക് തോക്കുമായെത്തിയ അക്രമി ദല്‍ബീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

സിഖ് ഗുരുദ്വാരയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറ്‌ വിശ്വാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. വിസ്‌കോണ്‍സിനിലെ തന്നെ ഒരു സിഖ് ഗുരുദ്വാരയിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് വെടിവെയ്പുണ്ടായത്. വര്‍ണവെറിയനും വംശവിദ്വേഷിയുമായ ഒരു അമേരിക്കന്‍ സൈനികനായിരുന്നു പ്രകോപനമൊന്നുമില്ലാതെ വെടിവെയ്പ്പ് നടത്തിയത്.

കൊല്ലപ്പെട്ട ദല്‍ബീര്‍ സ്ഥിരമായി പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്ന ഗുരുദ്വാരയായിരുന്നു ഇത്. എന്നാല്‍ അക്രമം നടന്ന ദിവസം ഇദേഹം ഇവിടെ എത്തിയിരുന്നില്ല.

അമേരിക്കയില്‍ അഞ്ച്‌ ലക്ഷത്തിലധികം സിഖ് മത വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. അല്‍ഖ്വയ്ദ തീവ്രവാദികള്‍ 2001 സെപ്റ്റംബര്‍ 11ന് നടത്തിയ ആക്രമണത്തിന് ശേഷം സിഖ് മതവിശ്വാസികള്‍ക്ക് നേരേ അമേരിക്കയില്‍ വ്യാപക ആക്രമണങ്ങളുണ്ടായിരുന്നു. സിഖുകാരെ മുസ്‌ലിം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് അമേരിക്കയിലെ പ്രാദേശിക ഭീകരവാദികള്‍ ആക്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.