കെയ്‌റോ: ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സും ഡിസ്‌നി പ്ലസ്സും സാമൂഹിക മൂല്യങ്ങള്‍ പാലിക്കണമെന്ന് ഈജിപ്ത്. രാജ്യത്തിന്റെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തിന്റെ സാമൂഹിക മൂല്യങ്ങള്‍ (Social Values) പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതേ ആവശ്യമുന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈജിപ്തും സമാന ആവശ്യമുയര്‍ത്തിയത്.
‘നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി റെഗുലേറ്ററി, സെന്‍സറിങ് നിയമങ്ങള്‍ ആവിഷ്‌കരിക്കും. ഇതുപ്രകാരം സ്റ്റേറ്റിന്റെ പെരുമാറ്റച്ചട്ടങ്ങളും സാമൂഹിക മൂല്യങ്ങളും പാലിക്കാന്‍ ഇവര്‍ പ്രതിജ്ഞാബദ്ധരാവും,’ ഈജിപ്തിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ മീഡിയ റെഗുലേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ മീഡിയ റെഗുലേറ്ററി അതോറിറ്റിയും ആറംഗ ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലും (ജി.സി.സി) നെറ്റ്ഫ്‌ളിക്‌സിനോട് അനിസ്‌ലാമികമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്തതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയരുന്നു. ഇതിന് പിന്നാലെയാണ് ഈജിപ്തും ഇത്തരത്തിലുള്ള നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ഏതുതരം കണ്ടെന്റുകളാണ് പ്രദര്‍ശിപ്പിക്കരുത് എന്നതില്‍ ഈജിപ്‌തോ ജി.സി.സിയോ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. എന്നാല്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് ഉള്ളടക്കങ്ങളെയാണ് ഇവര്‍ ഹൈലൈറ്റ് ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്.
നെറ്റ്ഫ്ളിക്സുമായി ബന്ധപ്പെട്ട ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിക്കിടെ സൗദി ചാനലായ അല്‍ ഇഖ്ബാരിയ ടി.വി, ജുറാസിക് വേള്‍ഡ് ക്യാമ്പ് ക്രിറ്റേഷ്യസ് (Jurassic World Camp Cretaceous) എന്ന ആനിമേറ്റഡ് സീരീസില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ ആലിംഗനം ചെയ്യുന്നതായുള്ള ആനിമേഷന്‍ ക്ലിപ്പുകള്‍ ബ്ലര്‍ ചെയ്താണ് കാണിച്ചിരുന്നത്.
‘ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ മക്കളെയും പേരക്കുട്ടികളെയും വരും തലമുറയെയും വളരെ മോശമായി ബാധിക്കും. ഇത് നിര്‍ഭാഗ്യകരവും വേദനാജനകവുമായ ക്ലിപ്പുകളാണ്’ എന്നാണ് അല്‍ ഇഖ്ബാരിയ ചാനലിലെ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് ഒരു അഭിഭാഷകന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെയും സൗദി അറേബ്യ എല്‍.ജി.ബി.ടി.ക്യു പ്ലസ് കണ്ടന്റുകളെ പിന്തുണക്കുന്നു എന്ന പേരില്‍ നിരവധി ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രമായ ലൈറ്റ്ഇയര്‍ നേരത്തെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിരുന്നു. സ്വവര്‍ഗാനുരാഗികളായ കഥാപാത്രങ്ങളുണ്ട്, എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നീ കാരണങ്ങള്‍ പറഞ്ഞായിരുന്നു സിനിമയുടെ സ്‌ക്രീനിങ് നിരോധിച്ചത്.
മാര്‍വല്‍ ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേള്‍ഡ് ഓഫ് മാഡ്നെസ്, മാര്‍വല്‍സിന്റെ തന്നെ സൂപ്പര്‍ഹീറോ ചിത്രമായ ഇറ്റേണല്‍സ് എന്നിവയുടെ പ്രദര്‍ശനത്തിനും ഇതേ സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങളുടെ പേരില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നിഷേധിച്ചിരുന്നു.
മാര്‍വല്‍ ഇറ്റേണല്‍സില്‍ ഗേ കഥാപാത്രങ്ങള്‍ ഉണ്ടായതായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രശ്നമായത്. സ്വവര്‍ഗാനുരാഗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ഈ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകള്‍ ഡിസ്നിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസ്നി അതിന് തയ്യാറായിരുന്നില്ല.
ഡോക്ടര്‍ സ്ട്രേഞ്ചിലെ എല്‍.ജി.ബി.ടി.ക്യു പ്ലസ് റഫറന്‍സുകള്‍ നീക്കം ചെയ്യണമെന്നും 2017ല്‍ സൗദി അറേബ്യ ഡിസ്നിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഡിസ്നി സമ്മതിക്കാതിരുന്നതോടെയാണ് റിലീസിന് സൗദിയും ഖത്തറുമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കാതിരുന്നത്.
2020ല്‍ ഡിസ്നിയുടെ തന്നെ ഓണ്‍വേര്‍ഡ് (Onward) എന്ന സിനിമയും ഗള്‍ഫ് രാജ്യങ്ങളിലും, പുറമെ വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരുന്നു. സ്വവര്‍ഗാനുരാഗ റഫറന്‍സുകളുടെ പേരിലായിരുന്നു ചിത്രം നിരോധിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണയായി ചിത്രത്തിലെ ഫിസിക്കല്‍ ഇന്റിമസി സീനുകളില്‍ പലതും സെന്‍സര്‍ ചെയ്യപ്പെടാറുമുണ്ട്.
Content Highlight: After Gulf countries, Egypt demands Netflix and Disney conform with its ‘social values’