ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി
India
ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 4:51 pm

ന്യൂദല്‍ഹി: തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷനിലെ മാധ്യമപ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്തതിലൂടെ കുപ്രസിദ്ധി നേടിയ ന്യൂസ് നാഷനിലെ ദീപക് ചൗരസ്യയെയാണ് രാഹുല്‍ ഗാന്ധി ഉത്തരംമുട്ടിച്ചത്.

മോദിയെ ഇന്റര്‍വ്യൂ നടത്തിയതിനു രണ്ടുദിവസത്തിനിപ്പുറം അദ്ദേഹത്തിന്റെ എതിരാളിയായ രാഹുലിനെ അഭിമുഖം നടത്താനെത്തിയതായിരുന്നു ചൗരസ്യ. മോദിയുമായി അഭിമുഖം നടത്തുമ്പോഴുള്ള സൗമ്യ ഭാവം വെടിഞ്ഞായിരുന്നു രാഹുലിനോട് ചൗരസ്യ സംസാരിച്ചത്.

പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ കവിതയെഴുതാനുള്ള കഴിവിനെക്കുറിച്ചും പോക്കറ്റില്‍ പണം കരുതുന്നതിനെക്കുറിച്ചുമൊക്കെയാണ് ചോദിച്ചതെങ്കില്‍ രാഹുലിനോടുള്ള ചോദ്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റേത് എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു.

നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ ഉയര്‍ത്തിക്കാട്ടി മോദിയെ വിമര്‍ശിക്കുന്നതിനെക്കുറിച്ചായിരുന്നു ചൗരസ്യ രാഹുലിനോട് ചോദിച്ചത്. ഈ രണ്ട് സാമ്പത്തിക തീരുമാനങ്ങളും പ്രഖ്യാപിച്ചശേഷം നടന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു എന്നിരിക്കെ ഇവ ഉയര്‍ത്തിക്കാട്ടി മോദിയെ വിമര്‍ശിക്കുന്നതില്‍ കാര്യമുണ്ടോയെന്നായിരുന്നു ചൗരസ്യയുടെ ചോദ്യം.

 

 

ഇതിനോട് പ്രതികരിക്കവേയായിരുന്നു രാഹുല്‍ ചൗരസ്യയോട് മറുചോദ്യം ചോദിച്ചത്. ‘മോദിയുമായുള്ള സ്‌ക്രിപ്റ്റഡ് ഇന്റര്‍വ്യൂയില്‍ ഇതിനുള്ള ഉത്തരങ്ങളുണ്ടായിരുന്നില്ലേ’ എന്നായിരുന്നു രാഹുല്‍ ചോദിച്ചത്.

‘അല്ല, ആ പേജില്‍ മോദിയുടെ കവിതയായിരുന്നു ഉണ്ടായിരുന്നത്, ചോദ്യങ്ങളല്ല’ എന്നായിരുന്നു ചൗരസ്യയുടെ മറുപടി.

‘അതെ, അതെന്തായിരുന്നുവെന്ന് ഇന്റര്‍നെറ്റില്‍ എല്ലാവരും കണ്ടായിരുന്നു’ എന്നു പറഞ്ഞ് രാഹുല്‍ തിരിച്ചടിക്കുകയും ചെയ്തു.

ഇരുവരും തമ്മില്‍ നടന്ന സംഭാഷണം:

ചൗരസ്യ : ‘ ഞങ്ങള്‍ ആ ചോദ്യം മോദിജിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നോട്ടുനിരോധനത്തിനുശേഷം യു.പിയില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു, നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ അവിടെ ജയിച്ചു. ജി.എസ്.ടിയ്ക്കുശേഷം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സൂറത്തില്‍ ജി.എസ്.ടിയ്‌ക്കെതിരെ വലിയ തോതില്‍ പ്രചരണമുണ്ടായി. എന്നിട്ടും സൂറത്തില്‍ ഒരുപാട് സീറ്റ് ഞങ്ങള്‍ വിജയിച്ചു. ഇപ്പൊ നടക്കുന്നത് അഞ്ച് വര്‍ഷത്തെ ഞങ്ങളുടെ ഭരണത്തിലുള്ള തെരഞ്ഞെടുപ്പാണ് ‘ എന്നാണ്.

രാഹുല്‍ : ‘ ഈ ഉത്തരമില്ലേ? അത് പ്രധാനമന്ത്രിയുടെ നോട്ട് ഷീറ്റില്‍, ആ കയ്യിലുണ്ടായിരുന്ന കടലാസില്ലേ? അതില്‍ എഴുതിയിട്ടുണ്ടായിരുന്നോ ഇല്ലായിരുന്നോ? ‘

ചൗരസ്യ : ‘ ഇല്ല, ആ നോട്ടില്‍ കവിതയായിരുന്നു എഴുതിയിരുന്നത് ‘

രാഹുല്‍ : ‘ ആ നോട്ട് ഷീറ്റില്‍ കവിതയുണ്ടായിരുന്നല്ലോ, അതിന്റെ കൂടെ ചോദ്യങ്ങളുമുണ്ടായിരുന്നു, ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ എല്ലാം കണ്ടതല്ലേ… ഈ ഉത്തരം നോട്ട് ഷീറ്റിലുണ്ടായിരുന്നോ അതോ ഓര്‍മയില്‍ നിന്നാണോ?’

ന്യൂസ് നാഷന്‍ ചാനലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും ആരോപണം ഉന്നയിച്ചത്.

അഭിമുഖത്തിനു ഏറെ മുമ്പുതന്നെ ചോദ്യങ്ങള്‍ മോദിയ്ക്ക് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അഭിമുഖത്തില്‍ അവതാരകനായ ദീപക് ചൗരസ്യ മോദിയോട് ഏതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും എഴുതിയിരുന്നോയെന്ന് മോദിയോട് ചോദിക്കുന്നുണ്ട്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയല്‍ നല്‍കുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകള്‍ മറിച്ചിടുന്നത് കാണാം. ഇതിനിടെ ഈ പേപ്പര്‍ ന്യൂസ് നാഷന്‍് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതില്‍ മോദിയോട് അവതാരകന്‍ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം. ഇത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.