| Saturday, 16th June 2018, 8:57 am

ഗൗരി ലങ്കേഷിനുശേഷം ഉന്നംവെച്ചത് കെ.എസ് ഭഗവാനെയും ഗിരീഷ് കര്‍ണാടിനെയും; കൊലപാതകത്തിനുപിന്നില്‍ വന്‍സംഘമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രാജ്യം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന വലിയ സംഘത്തിലെ കണ്ണികളെന്ന് പൊലീസ്. ഗൗരി ലങ്കേഷിനുശേഷം കന്നട എഴുത്തുകാരനായ കെ.എസ് ഭഗവാന്‍, ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാട് എന്നിവരെയും വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നെന്ന് അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി. ടി. ലളിത നായിക്, യുക്തിവാദി സി.എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും പട്ടികയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു; യോഗി സര്‍ക്കാരിനെതിരായ കഫീല്‍ഖാന്റെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി

ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിലും അക്രമികള്‍ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

പ്രത്യേക പേരൊന്നും ഇല്ലാത്ത സംഘമാണിത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഈ വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത എന്നിവയില്‍നിന്നുള്ള അംഗങ്ങള്‍ക്ക് നേരിട്ട് ഈ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത് അടുത്തിടെ അറസ്റ്റിലായ പരശുറാം വാഗ്മറെ എന്നയാളാണെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മൂന്നുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more