ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.
മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചും അതിന്റെ മനഃശാസ്ത്രത്തെക്കുറിച്ചും ആഴത്തിലുള്ള ധാരണയുള്ള ഒരേയൊരു നേതാവ് പ്രധാനമന്ത്രി മോദിയാണെന്ന് പറയുന്നത് അമിതമാവില്ലെന്നാണ് രാജ്‌നാഥ് സിംഗിന്റെ വാദം. അത് മോദിയുടെ വ്യക്തിപരമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
”സുഹൃത്തുക്കളേ, മോദിജിയെ ഒരു വ്യക്തി എന്നതിലുപരി ഒരു ആശയമായും തത്വശാസ്ത്രമായും കാണണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഓരോ നൂറ്റാണ്ടിലും, തങ്ങളുടെ ഉറച്ച നിശ്ചയദാര്‍ഢ്യവും ഉറച്ച ആശയങ്ങളും ഉപയോഗിച്ച് സമൂഹത്തെ പരിവര്‍ത്തനം ചെയ്യാനുള്ള ജന്മസിദ്ധമായ ശക്തിയുമായി ചില ആളുകള്‍ ജനിക്കുന്നു,”രാജ്നാഥ് പറഞ്ഞു.
ആളുകള്‍ക്ക് മോദിക്കെതിരെ എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെയും ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
”അദ്ദേഹത്തിന്റെ സത്യസന്ധതയും ഉദ്ദേശ്യങ്ങളും 24 കാരറ്റ് സ്വര്‍ണ്ണം പോലെ ശുദ്ധമാണെന്ന് എനിക്ക് പറയാന്‍ കഴിയും,” രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.
നേരത്തെ, സവര്‍ക്കറെ പുകഴ്ത്തിയും രാജ്‌നാഥ് സിംഗ് രംഗത്തെത്തിയിരുന്നു.
സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യാഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമാണ് എന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ അവകാശവാദം.
ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നുവെന്നും രാജ് നാഥ് സിംഗ് അവകാശപ്പെട്ടു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.