കേരളത്തിന്റെ പുനര്‍നിര്‍മാണം; വില കൂട്ടാനൊരുങ്ങി സ്വകാര്യ സിമന്റ് കമ്പനികള്‍; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം
Kerala Flood
കേരളത്തിന്റെ പുനര്‍നിര്‍മാണം; വില കൂട്ടാനൊരുങ്ങി സ്വകാര്യ സിമന്റ് കമ്പനികള്‍; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം
ആര്യ. പി
Thursday, 6th September 2018, 4:42 pm

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരള ജനത. ഒരു പുതിയ കേരളം തന്നെ പടുത്തുയര്‍ത്തേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.

പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാനിരിക്കുകയാണ്. ഇതിന്റെ പ്രധാനപങ്ക് നിര്‍മാണ മേഖലക്കാണ്. എന്നാല്‍ പ്രളയാനന്തരകേരളത്തിന്റെ അവസ്ഥ മുതലെടുക്കാനായി സ്വകാര്യ സിമന്റ് കമ്പനികള്‍ ഒരുങ്ങുന്നതായായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിമന്റ് അവശ്യഘടകമാകുന്നതിനാല്‍ കേരള വിപണിയില്‍ കൂടുതല്‍ വില വര്‍ധിപ്പിക്കാനാണ് സ്വകാര്യ കമ്പനികളുടെ നീക്കം.

കേരളത്തെ സംബന്ധിച്ചത്തോളം അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തോളം കൂടിയ വിലയ്ക്കാണ് ഇവിടെ സ്വകാര്യ കമ്പനികള്‍ സിമന്റ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്.

നിലവില്‍ മംഗലാപുരം മാര്‍ക്കറ്റിനെ അപേക്ഷിച്ച് 70 രൂപയോളം ഒരു ബാഗിന് അധികമായി കേരളത്തില്‍ ഈടാക്കുന്നുന്നതെന്ന് കേരള സ്‌റ്റേറ്റ് സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.


“കേസിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം; പൊലീസുകാര്‍ സുപ്രീം കോടതിയെ പഠിപ്പിക്കാന്‍ വരേണ്ട” ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി


കേരള വിപണിയുടെ 92 ശതമാനവും കൈയടക്കുന്നത് സ്വകാര്യ സിമന്റുകമ്പനികളാണെന്ന് കേരള സ്‌റ്റേറ്റ് സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍സംസ്ഥാന സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”എട്ടര ലക്ഷം ടണ്‍ സിമന്റാണ് ഒരുമാസം കേരളത്തില്‍ വില്‍ക്കുന്നത്. ഇതില്‍ എട്ട് ശതമാനം മാത്രമാണ് കേരളത്തിന്റെ പൊതുമേഖലയിലുള്ള മലബാര്‍ സിമന്റ്‌സിന്റേത്. 92 ശതമാനവും രാംകോ, ശങ്കര്‍, ചെട്ടിനാട്, എ.സി.സി പോലുള്ള സ്വകാര്യ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. 390 മുതല്‍ 400 രൂപ വരെയാണ് ഒരു ചാക്ക് സിമന്റിന് സ്വകാര്യ കമ്പനികള്‍ ഇവിടെ ഈടാക്കുന്നത്.””- സിറാജുദ്ദീന്‍ പറയുന്നു.

തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന സിമന്റിന് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വ്യത്യസ്ത വിലയാണ്. കേരളത്തില്‍ 400 രൂപയാണ് ഒരു ചാക്ക് സിമന്റിനെങ്കില്‍ കര്‍ണാടകത്തില്‍ അത് 230 മുതല്‍ 300 രൂപവരെയാണ്. അതേസമയം മംഗളൂരുവില്‍ 320 രൂപയ്ക്ക് മൊത്തവിപണിയില്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന സിമന്റ് പാലക്കാട് വഴി കേരളം കടന്നാണ് മംഗളൂരുവിലെത്തുന്നത്. എന്നിട്ടും കര്‍ണാടകത്തിലേതിനേക്കാള്‍ വില കൂടുതലാണ് കേരളത്തില്‍.

കേരള മാര്‍ക്കറ്റില്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ അപര്യാപ്തത തന്നെയാണ് ഇത്തരമൊരു വിലക്കയറ്റത്തിന് കാരണമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

“”വളരെ ഇംപാക്ടീവ് ആയിട്ടുള്ള മാര്‍ക്കറ്റാണ് കേരളം. തമിഴ്‌നാട് കമ്പനികളുടേയും പ്രധാനപ്പെട്ട മാര്‍ക്കറ്റ് കേരളമാണ്. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഒരു റെഗുലേറ്ററി ബോഡി കൊണ്ടുവരികയോ നിര്‍മാണ ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരികയോ ചെയ്താല്‍ മാത്രമേ ഇതിന് ശ്വാശ്വതമായ ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ””വെന്നാണ് സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നു. അതല്ലെങ്കില്‍ മലബാര്‍ സിമന്റ്‌സിന്റെ വിതരണം ശക്തമാക്കിയും പ്രൊഡക്ഷന്‍ കപ്പാസിറ്റി കൂട്ടിയും കേരളത്തിന്റെ നിര്‍മാണ ആവശ്യത്തിന്റെ 50 ശതമാനമെങ്കിലും മലബാര്‍ സിമന്റ്‌സിന് സപ്ലൈ ചെയ്യാന്‍ പറ്റുന്ന നിലയിലാക്കി വിപണി വില പിടിച്ചുനിര്‍ത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.

സ്വകാര്യ സിമന്റുകമ്പനികളുടെ വിലകയറ്റത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെക്കുന്നുണ്ട്. “”അയല്‍ സംസ്ഥാനങ്ങളേക്കാള്‍ ഒരുപാട് വലിയ വ്യത്യാസത്തിലാണ് കേരളത്തില്‍ സിമന്റ് വിറ്റഴിക്കുന്നത്. സ്വാഭാവികമായിട്ടും വലിയ വ്യത്യസ്തത്തില്‍ വിറ്റഴിക്കുമ്പോള്‍ ഇവിടെ ഗവര്‍മെന്റ് വര്‍ക്കുകള്‍ക്കും ചിലവ് കൂടുകയാണ്. ഇത് സര്‍ക്കാര്‍ ഖജനാവിനും നഷ്ടമുണ്ടാക്കും.

ഇവിടെ ഏറ്റവും കൂടുതല്‍ സിമന്റ് കണ്‍സ്യൂം ചെയ്ത് കൊണ്ടിരിക്കുന്നത് സര്‍ക്കാരാണ്. ഒരു ഏകദേശ കണക്ക് പ്രകാരം കേരളത്തില്‍ വിറ്റഴിക്കുന്ന സിമന്റിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്കാണ്. 280 കോടി രൂപയോളം സര്‍ക്കാരിന് ഒരു വര്‍ഷം അധികമായി ചിലവഴിക്കേണ്ടി വരുന്നുണ്ട്. വര്‍ഷങ്ങളോളം കേരളത്തില്‍ ഇങ്ങനെ തന്നെയാണ്. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ 2800 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന്റെ ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയാണെങ്കില്‍ പോലും വളരെ വലിയരീതിയിലുള്ള മാറ്റം ഇവിടെ ഉണ്ടാക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

സിമന്റിന്റെ വിപണനവിലയ്ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോസ്റ്റും ഉത്പാദനചിലവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാണെന്നും സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

സിമന്റ് കമ്പനികള്‍ അധിക വില ഈടാക്കുന്നതിനെതിരെ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്പനികള്‍ക്ക് 6317 കോടി രൂപ പിഴയിട്ട് 2013 ല്‍ കമ്മീഷന്‍ ഉത്തരവ് വന്നു. ഇതിനെതിരെ അപ്പീല്‍ പോയെങ്കിലും തള്ളി.

കേരളത്തിലെ മൂന്ന് സിമന്റ് വ്യാപാരികളും വിലവര്‍ധനക്കെതിരെ 2012-13 ല്‍ സമാനമായ പരാതി കമ്മീഷനില്‍ നല്‍കിയിരുന്നു. അതില്‍ 9 പേര്‍ കുറ്റക്കാരാണെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഫൈനല്‍ ഹിയറിങ്ങില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് പറഞ്ഞ് കണ്ടെത്തിയ കുറ്റവാളികളെ പോലും വെറുതെ വിടുകയായിരുന്നെന്ന് പരാതിക്കാരന്‍ കൂടിയായ സെയ്ഫുദ്ദീന്‍ ഇല്ലത്തൊടി പറയുന്നു.

സ്വകാര്യ സിമന്റ് കമ്പനികളുടെ വിലവര്‍ധനവ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പല തവണ കൊണ്ടുവന്നതാണെന്നും പത്താംതിയതി വ്യവസായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിക്കുമെന്നും അസോസിയേഷന്‍ പറയുന്നു.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.