വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദ്; വീണ്ടും വർഗീയ വിദ്വേഷവുമായി ഹിമന്ത ബിശ്വ ശർമ
national news
വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദ്; വീണ്ടും വർഗീയ വിദ്വേഷവുമായി ഹിമന്ത ബിശ്വ ശർമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 8:15 am

ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദെന്ന വർഗീയ വിദ്വേഷ പ്രചാരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മേഘാലയിലുള്ള സയൻസ് ആന്റ് ടെക്നോളജി സർവകലാശാല പ്രളയ ജിഹാദ് നടത്തുന്നുവെന്നാണ് ശർമയുടെ ആരോപണം. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ബംഗാളി വംശജനായ മുസ്‌ലിം വിഭാഗത്തിൽ പെട്ട മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഫൗണ്ടേഷനാണ് മേഘാലയിൽ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല നടത്തുന്നത്.

സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി വനങ്ങൾ വെട്ടി നശിപ്പിച്ചെന്നും കുന്നുകൾ ഇടിച്ച് നികത്തിയെന്നും ശർമ്മ പറഞ്ഞു. തൽഫലമായാണ് ആഗസ്റ്റ് 5 ന് ഗുവാഹത്തിയിൽ വെള്ളപ്പൊക്കമുണ്ടായതെന്നും ശർമ ആരോപിച്ചു. സർവകലാശാല പ്രളയ ജിഹാദ്‌ നടത്തുകയാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.

മേഘാലയയിലെ റി-ഭോയ് ജില്ലയിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. പ്രളയ ജിഹാദ്‌ കൂടാതെ സർവകലാശാലയുടെ വലിയ പ്രധാന കവാടത്തിന് മുകളിൽ മൂന്ന് താഴികക്കുടങ്ങളുണ്ട് അവ മക്കയുടേതിന് സമാനമാണെന്നും സർവകലാശാല വിദ്യാഭ്യാസമല്ല പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

‘അവിടെ പോകുന്നത് ലജ്ജാകരമാണ്. അവിടെ പോകുമ്പോൾ മക്കയുടെ കീഴിലൂടെ നടക്കുന്നത് പോലെയുണ്ടാകും. എനിക്ക് പറയാനുള്ളത് അവിടെ അവർ ഒരു നംഗർ ( അസമിലെ നവ-വൈഷ്ണവ പാരമ്പര്യത്തിൻ്റെ ഭാഗമായ കമ്മ്യൂണിറ്റി പ്രാർഥനാലയം,) നിർമിക്കട്ടെ എന്നാണ്. അവർ അവിടെ ഒരു മക്ക സൂക്ഷിച്ചിട്ടുണ്ട്. അവർ ഒരു നംഗർ ഉണ്ടാക്കട്ടെ, ഒരു പള്ളി ഉണ്ടാക്കട്ടെ. ഞങ്ങൾ മൂന്നിൻ്റെയും കീഴിലൂടെ നടക്കാം എന്തിന് ഒരാളുടെ കീഴിൽ മാത്രം നടക്കണം,’ ശർമ പറഞ്ഞു.

ജിഹാദ് എന്ന പദം ഉപയോഗിച്ചതിന്റെ ഔചിത്യത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ശർമയോട് ചോദിച്ചു. തുടർന്ന് അവർ ജിഹാദോർ ബാപ്പ് (‘ജിഹാദിൻ്റെ പിതാവ്’) ആണ്. അവരെ ജിഹാദി എന്ന് മാത്രം വിളിച്ചത് തന്റെ മര്യാദ ആണെന്ന് ശർമ ഉത്തരം നൽകി.

‘ജിഹാദ് എന്ന് വിളിച്ച് ഞാൻ സൗമ്യനായിരിക്കുകയാണ്. അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുകയാണ്. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്നതെന്തോ അതിനെയാണ് ജിഹാദ് എന്ന് പറയുന്നത്. അവർ അവിടെ വിദ്യഭ്യാസമല്ല നടത്തുന്നത്,’ ശർമ പറഞ്ഞു.

പിന്നാലെ തന്നെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾ അസമിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കരുതെന്ന് വിവാദ പ്രസ്താവനയും ശർമ നടത്തിയിട്ടുണ്ട്.

‘മേഘാലയയിലെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അസം സംസ്ഥാന സർക്കാരിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നതാണ്. അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.

 

Content Highlight: After ‘flood jihad’ tirade, Himanta now targets Muslim-owned university for ‘Mecca’-like structure