കസാന്‍: അഞ്ച് വര്‍ഷത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും. കിഴക്കന്‍ ലഡാക്ക് പെട്രോളിങ് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞന്മാര്‍ ധാരണയിലെത്തിയതിന് ശേഷമാണ് തലവന്മാരുടെ കൂടിക്കാഴ്ച.
റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ചാണ് ഷീ ജിന്‍പിങ്ങും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ആശയവിനിമയവും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഇരുപക്ഷവും ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണം. ഭിന്നതകളും വ്യത്യാസങ്ങളും കൃത്യമായി കൈകാര്യം ചെയ്യണം. പരസ്പരം വികസനങ്ങള്‍ സാധ്യമാക്കണം,’ ഷീ ജിന്‍പിങ് പറഞ്ഞു.
2019ലാണ് അവസാനമായി ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ ഔപചാരികമായി ചര്‍ച്ച നടത്തുന്നത്. രണ്ടാം അനൗപചാരിക ഉച്ചകോടിക്കിടെയായിരുന്നു അവസാന കൂടിക്കാഴ്ച.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കരാറിലൊപ്പിട്ടതായി നേരത്തെ ചൈന സ്ഥിരീകരിച്ചു. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതായും ചൈന അറിയിച്ചിരുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ ഇന്ത്യയും ചൈനയും കൂടിയാലോചനകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുരാജ്യങ്ങളെയും സംബന്ധിച്ചുള്ള പല പ്രസക്തമായ കാര്യങ്ങളിലും തീരുമാനത്തിലെത്തിയതായും ഇക്കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചാഴ്ചകളായി ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രപരവും സൈനികപരവുമായ നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടായിരുന്നെന്നും തത്ഫലമായാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പെട്രോളിങ് ക്രമീകരണങ്ങളില്‍ ധാരണയിലെത്തിയതെന്നുമായിരുന്നു മന്ത്രാലയം വ്യക്തമാക്കിയത്.
Content Highlight: After five years, Narendra Modi and Xi Jinping held bilateral talks