| Tuesday, 25th June 2024, 8:10 pm

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ് കുമാര്‍; രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. രാഷ്ട്രീയ മേഖലയില്‍ സജീവമാകാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ ജീവിതത്തില്‍ എല്ലാ കാലത്തും രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. താന്‍ ജനിച്ചുവീണ വീട് പോലും ഒരു പാര്‍ട്ടി ഓഫീസ് പോലെയായിരുന്നുവെന്നും കോളേജ് കാലഘട്ടത്തിലും സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുരംഗത്ത് സജീവമായി നില്‍ക്കുക എന്നത് തന്റെ ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും എന്നാല്‍ കുറച്ചധികം വര്‍ഷങ്ങളായി ന്യൂസ് റൂമിനുള്ളിലാണ് താനെന്നും നികേഷ് കുമാര്‍ പറഞ്ഞു. ഇനിയുള്ള ജീവിതത്തില്‍ ആളുകളോട് സജീവമായി നേരിട്ട് സംസാരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ചാനലിനെ മുന്നോട്ട് നയിക്കുക എന്നത് വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. സാമ്പത്തികമായും റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിസന്ധി നേരിട്ടു. ഇപ്പോള്‍ റിപ്പോര്‍ട്ടറിനെ തനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരു മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചുകൊണ്ടാണ് താന്‍ പടിയിറങ്ങുന്നതെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. സമൂഹത്തിനായി ഒരു വാര്‍ത്താ ചാനല്‍ പ്രവര്‍ത്തിക്കുക എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും നികേഷ് കുമാര്‍ പ്രതികരിച്ചു. ഇനി സി.പി.ഐ.എം അംഗമായി പ്രവര്‍ത്തിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തെ കണ്ണൂര്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2016ല്‍ മാധ്യമപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച് അഴീക്കോട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിന്റെ കെ.എം. ഷാജിയോട് അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് നികേഷ് കുമാര്‍ വീണ്ടും മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമാകുകയായിരുന്നു.

Content Highlight: After ending 28 years of media work, Reporter TV Editor in Chief M.V. Nikesh Kumar

We use cookies to give you the best possible experience. Learn more