ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് നിലപാടില്‍ ഉറച്ചു തന്നെ.
‘ബ്രെക്‌സിറ്റ് ജനുവരി 31 നു തന്നെ നടപ്പില്‍ വരുത്തും. ഒരു എങ്കിലും ഇല്ല, ഒരു പക്ഷെയുമില്ല, ചിലപ്പോള്‍ എന്നുമില്ല,’ വിജയ പ്രഖ്യാപനത്തിനു പിന്നാലെ ബോറിസ് ജോണ്‍സണ്‍ തന്റെ അനുയായികള്‍ക്കു മുമ്പാകെ പറഞ്ഞതിങ്ങനെയാണ്.
650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് നേടിയത്. 1987 ലെ മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്തിലുണ്ടായ മുന്നേറ്റത്തിനു ശേഷം ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത്ര വലിയ വിജയം നേടുന്നത്.
അതോടൊപ്പം 1935 ല്‍ ക്ലെമറ്റ് അറ്റലീയുടെ നേതൃത്വത്തില്‍ ലേബര്‍പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്കു ശേഷം ആദ്യമായാണ് ഇത്ര വലിയ തിരിച്ചടി ലേബര്‍പാര്‍ട്ടിക്കു നേരിടേണ്ടി വന്നത്.
ജോണ്‍സന്റെ വിജയം ബ്രെക്‌സിറ്റിനോട് ബ്രിട്ടന്‍ കാണിക്കുന്ന അനുകൂല നയത്തിന്റെയും സൂചനയാണ്. നീണ്ട 46 വര്‍ഷത്തെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധമാണ് ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ വേര്‍പെടുത്തുന്നത്. അത് യൂറോപ്യന്‍ യൂണിയനെയും ബ്രിട്ടനെയും ഒരു പോലെ തന്നെ ബാധിക്കും.
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ പുനര്‍ നിശ്ചയിക്കുന്ന അതിര്‍ വരമ്പുകള്‍, പുതിയ തൊഴില്‍ നിയമങ്ങള്‍, വാണിജ്യകരാറുകരള്‍ എന്നിവ ഏതു തരത്തില്‍ ബ്രിട്ടനെ പരുവപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
കരാറോടു കൂടി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകാനുള്ള മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍.
തെരേസ മേയ് മുന്നോട്ട് വെക്കുന്ന കരാറോടു കൂടി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറിയാലും കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ കുരുക്കിയിടും എന്നായിരുന്നു ബോറിസ് ജോണ്‍സനും അനുയായികളും പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആ നിലയ്ക്ക് ബ്രെക്‌സിറ്റിനു ശേഷം ഇനി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം നിശ്ചയിക്കുന്ന ഏതു തരത്തിലുള്ള കരാറാണ് ജോണ്‍സണ്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
ബ്രിട്ടനുമായി ബ്രെക്‌സിറ്റിനു ശേഷം ഉണ്ടാവേണ്ട വ്യാപാര കരാറുകളുമായുള്ള ചര്‍ച്ചയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഒരുക്കമാണെന്നാണ് ഇ.യു കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ തെരഞ്ഞെടുപ്പിനു ശേഷം അറിയിച്ചത്.
ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.