| Sunday, 12th February 2023, 2:19 pm

'എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വനാഥന് ഒരു കുഞ്ഞ് ജനിച്ചത്, ഈ സമയത്ത് അവന്‍ അത്മഹത്യ ചെയ്യില്ല'; ആദിവാസി യുവാവിന്റെ മരണത്തില്‍ സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം തന്നെയെന്ന് സഹോദരന്‍. വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും സഹോദരന്‍ രാഘവന്‍ പറഞ്ഞു.

‘എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വനാഥന് ഒരു കുഞ്ഞ് ജനിച്ചത്. അങ്ങനെയൊരു വേളയില്‍ അയാള്‍ ആത്മഹത്യ ചെയ്യില്ല. വിശ്വനാഥന്‍ ഓടിപ്പോയത് മരണം സംഭവിക്കാവുന്നത്ര ഗുരുതരമായ സ്ഥലത്തേക്കുമല്ല. ജനങ്ങളോ, ആശുപത്രി സെക്യൂരിറ്റിമാരോ, പൊലീസോ ആകാം വിശ്വനാഥന്റെ മരണത്തിനു പിന്നില്‍,’ രാഘവന്‍ പറഞ്ഞു.

വിശ്വനാഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നുവെന്നും അതില്‍ മനംനൊന്ത് അയാള്‍ ആശുപത്രി പരിസരത്ത് നിന്ന് ഓടിപ്പോകുകയായിരുന്നുവെന്നും ഭാര്യാമാതാവും കൂട്ടിച്ചേര്‍ത്തു. അയാള്‍ പൊട്ടിക്കരയുന്നത് കണ്ടിരുന്നുവെന്ന് ആശുപത്രി പരിസരത്തുള്ളവര്‍ വ്യക്തമാക്കി.

മോഷണശ്രമം ഉണ്ടായെന്ന് ആരോപിച്ച് വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

വിശ്വനാഥനെ കാണാനില്ല എന്ന പരാതി അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

അതേസമയം, വിശ്വനാഥന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോടും മെഡിക്കല്‍ കോളേജ് എ.സി.പിയോടുമാണ് റിപ്പോര്‍ട്ട് തേടിയത്. ഈ മാസം 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിശ്വനാഥന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. വിശ്വനാഥന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളൊന്നുമില്ല. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന്റെ പാടുണ്ട് താനും. പ്രാഥമിക തെളിവുകള്‍ ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്നും അസി.കമ്മീഷണര്‍ കെ. സുദര്‍ശനന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വനാഥന്റെ പേരില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ ആരും പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി മെഡിക്കല്‍ കോളേജില്‍ എത്തിയ വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.

കൂട്ടിരിപ്പിന് എത്തിയ യുവാവിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ആശുപത്രിക്ക് സമീപമുള്ള 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി വിശ്വനാഥന്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി.

CONTENT HIGHLIGHT: ‘After eight years a child was born to Viswanathan, at which time he would not commit suicide’; Brother on death of tribal youth

We use cookies to give you the best possible experience. Learn more