| Monday, 12th August 2019, 10:10 am

കശ്മീരില്‍ മിക്ക പള്ളികളിലും ഈദ് നമസ്‌കാരത്തിന് അനുമതിയില്ല; കര്‍ശന നിയന്ത്രണത്തില്‍ കശ്മീരികളുടെ പെരുന്നാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: നിരോധനാജ്ഞയ്ക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുന്ന ജമ്മു കശ്മീരിലെ സ്ഥലങ്ങളിലെ മിക്ക പള്ളികളിലും പെരുന്നാള്‍ നിരസ്‌കാരത്തിന് അനുവാദമില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. സൈന്യത്തിന്റെ കര്‍ശന നിയന്ത്രണം തുടരുന്നതിനാല്‍ പെരുന്നാളായിട്ടും പല നഗരങ്ങളിലും ആളൊഴിഞ്ഞ നിലയിലാണ്. പ്രത്യേകിച്ച് ശ്രീനഗര്‍.

സ്ഥിതി ശാന്തമാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ശ്രീനഗറില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഈദിന് തലേദിവസം തന്നെ കാലിയാവാറുള്ള ബേക്കറികളിലെല്ലാം 10% പോലും സ്‌റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

സമീപ പ്രദേശത്തെ ചെറു പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് അവകാശപ്പെടുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ വീട്ടുതടങ്കലിലായ രാഷ്ട്രീയ നേതാക്കളായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ സമീപത്തെ പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ശനിയാഴ്ച ശ്രീനഗറില്‍ സുരക്ഷ കുറച്ചതിനു പിന്നാലെ അവിടിവിടായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഈദ് നമസ്‌കാരത്തിനുശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷന്‍ ഷാഹിദ് ചൗധരി പറയുന്നത്. ‘ രാവിലെ ഈദ് നമസ്‌കാരം കഴിഞ്ഞശേഷം താഴ്‌വരയിലെ പല ഭാഗത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ആളുകളെ നീങ്ങാന്‍ അനുവദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more