ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴമതിക്കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത ദല്‍ഹി സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്കുമാര്‍ ആനന്ദ് രാജിവെച്ചത്. പാര്‍ട്ടി അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധത നിലനില്‍ക്കുന്നു എന്നും രാജിവെച്ച രാജ്കുമാര്‍ ആനന്ദ് ആരോപിച്ചു. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം രാജിക്കുള്ള കാരണമായി പറയുന്നു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികളെയും പ്രതിപക്ഷനേതാക്കളെയും വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായ രാജ്കുമാര്‍ ആനന്ദിന്റെ രാജി. മദ്യനയഅഴിമതിക്കേസില്‍ രാജ്കുമാറിന്റെ വസതികളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
സാമൂഹിക ക്ഷേമ വകുപ്പിന് പുറമെ മറ്റു ഏഴ് വകുപ്പുകളുടെ കൂടി ചുമതല നിര്‍വഹിച്ചിരുന്ന മന്ത്രിയാണ് രാജ്കുമാര്‍ ആനന്ദ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മദ്യനയ അഴിമതിക്കേസുമായ രാജ്കുമാറിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നത്. അന്ന് അദ്ദേഹത്തിന്റെ വസതികളിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധനകളും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത്രയും കാലം അദ്ദേഹത്തിനെതിരെ ഇ.ഡിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നുമുണ്ടായിരുന്നില്ല.
അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ ആയിരിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് ഒരു ആം ആദ്മി മന്ത്രി രാജിവെക്കുക എന്നത് എ.എ.പിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
content highlights: ED questioning in the liquor policy corruption case. Delhi Minister of Social Welfare resigns after