| Tuesday, 15th March 2022, 9:40 pm

ദുല്‍ഖറിന്റെ സല്യൂട്ടിന് പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും ഒ.ടി.ടിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിന് പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. സോണിലിവിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

പുഴുവും സല്യൂട്ടും മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഒരു ഫാമിലി ത്രില്ലറാണ് പുഴു. ചിത്രത്തില്‍ മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍.

പുഴു ഒ.ടി.ടി റിലീസായിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന ബി.ജി.എമ്മും നിഗൂഢതയുണര്‍ത്തുന്ന മമ്മൂട്ടിയുടെ ക്യാരക്ടറുമാണ് ടീസറിലുള്ളത്. വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്നു എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.

നവാഗതയായ രത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് സഹനിര്‍മാണവും വിതരണവും.

തേനി ഈശ്വറാണ് ചിത്രത്തിന്റെ പുഴുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പാര്‍വതി, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സംഗീതം ജേക്‌സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്.

അതേസമയം, ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്കേര്‍പ്പെടുത്തിയതായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതിനാണ് നടപടി.

ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്റുണ്ടായിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് ഫിയോക് ആരോപിച്ചു.

ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെ പോസ്റ്ററുകള്‍ ഉള്‍പ്പടെ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കിയതെന്നാണ് ഫിയോക് അംഗങ്ങള്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താനാവില്ല. ചിത്രം മാര്‍ച്ച് 18ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു. ഫേസ്ബുക്കിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രം തീയേറ്ററിലേക്കില്ലെന്നും ഒ.ടി.ടിക്ക് നല്‍കുമെന്നും അണിയറപ്രവ്രര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

ജനുവരി 14നായിരിക്കും ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. തിയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.


Content Highlights: After Dulquar’s salute, Mammootty’s movie Worm goes to OTT

We use cookies to give you the best possible experience. Learn more