| Tuesday, 1st February 2022, 6:47 pm

എന്നോട് ആരും തര്‍ക്കിക്കാന്‍ വരരുത്, എല്ലാ ഗവേഷണവും നടത്തി രേഖകള്‍ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഡോ. ജാന്‍സി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ.

തന്നോട് ആരും തര്‍ക്കിക്കാന്‍ വരരുതെന്നും വിഷയത്തില്‍ എല്ലാ ഗവേഷണവും നടത്തി രേഖകള്‍ ശേഖരിച്ച ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെ ഇറക്കി സി.പി.ഐ.എം കളിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004ലാണ് യു.ഡി.എഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുണ്ടാവുന്നത് 2005ലുമാണ്.

അനുകൂലമായ കോടതി വിധിക്ക് പ്രതിഫലമാണ് നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യു.ഡി.എഫ് നേതാവുമായി ബന്ധപ്പെട്ട വിധിന്യായം പുറപ്പെടുവിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷണ്‍ റെഡ്ഡിയും ഉണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ വി.സി ആയി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചു. മറ്റൊരു പേരും അന്ന് ഉയര്‍ന്നില്ല. പിന്നീട് ഡോ. ജാന്‍സി ജെയിംസ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി. അക്കാദമിക് മികവാണ് അവരെ ഉന്നത പദവികളിലെത്തിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

എന്നാല്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജസ്റ്റിസ് സിറിയക് തോമസിനെ തഴഞ്ഞായിരുന്നു ഡോ. ജാന്‍സി ജെയിംസിനെ വൈസ് ചാന്‍സലറായി നിയമിച്ചതെന്ന് ജലീല്‍ പോസ്റ്റില്‍ പറയുന്നു.

‘സെനറ്റിന്റെ പ്രതിനിധിയായി സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന അഡ്വ: ഹരികുമാര്‍ നിലവിലെ വൈസ് ചാന്‍സലറും പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമെല്ലാമായ ഡോ. സിറിയക്ക് തോമസിന് രണ്ടാമൂഴം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ പ്രതിനിധി ഡോ. ജാന്‍സി ജെയിംസിന്റെ പേരും നിര്‍ദ്ദേശിച്ചു. ഒന്നില്‍ കൂടുതല്‍ പേരുണ്ടായാല്‍ മൂന്ന് പേര്‍ വേണമെന്ന വ്യവസ്ഥ ഉള്ളതിനാല്‍ മൂന്നാമതായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ കൊല്ലത്തുകാരനായ ഒരു പ്രൊഫസറുടെ പേരും ചേര്‍ത്ത് മൂന്ന് പേരുടെ പാനലാണ് ചാന്‍സലര്‍ക്ക് നല്‍കിയത്.

ലിസ്റ്റില്‍ ഒന്നാം നമ്പറുകാരനായി നിലവിലെ വി.സി കൂടിയായ ഡോ. സിറിയക് തോമസിന്റെ പേര് രണ്ടാമതും നിര്‍ദ്ദേശിക്കപ്പെട്ടതിനാല്‍ ചേര്‍ക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയിലെ യു.ഡി.എഫ് പ്രതിനിധി ഡോ. ജ്ഞാനമാണ് ആവശ്യപ്പെട്ടത്. അങ്ങിനെ അന്നത്തെ മൂന്ന് പേരുടെ ലിസ്റ്റില്‍ എല്ലാം കൊണ്ടും യോഗ്യനായിരുന്ന ഒന്നാം നമ്പറുകാരന്‍ ഡോ സിറിയക് തോമസിനെ തഴഞ്ഞാണ് ഡോ. ജാന്‍സിയെ എം.ജി യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലറായി നിയമിച്ചത്,’ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നേതാവിന്റെ കേസിന്റെ കാര്യം. ഹൈക്കോടതിയില്‍ 22.11.2004 ന് ഫയല്‍ ചെയ്ത കേസിന് ആധാരമായ സംഭവം നടന്നത് 28.10.2004 നാണ്. വിസി നിയമനം നടന്നത് 15.11.2004 നും. നിയമനം കിട്ടി കൃത്യം എഴുപത്തി രണ്ടാം പക്കമായിരുന്നു ഹൈക്കോടതി വിധി.
യു.ഡി.എഫ് ആണല്ലോ? പ്രതിഫലം മുന്‍കൂര്‍ പറ്റിയില്ലെങ്കില്‍ അത് പിന്നെ വായുവാകും എന്ന് ചാണ്ടി സാറിനെയും മറ്റു വിരുതന്‍മാരെയും നന്നായറിയാവുന്ന ‘ഏമാന്’ ആരെങ്കിലും പറഞ്ഞ് കൊടുക്കണോയെന്ന് ജലീല്‍ ചോദിച്ചു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉമ്മന്‍ചാണ്ടി സാറേ കളവ് പറയരുത്.

2004 നവംബര്‍ 15 ന് നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഡോ ജാന്‍സി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സെനറ്റിന്റെ പ്രതിനിധിയായി സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന അഡ്വ: ഹരികുമാര്‍ നിലവിലെ വൈസ് ചാന്‍സലറും പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമെല്ലാമായ ഡോ. സിറിയക്ക് തോമസിന് രണ്ടാമൂഴം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ പ്രതിനിധി ഡോ. ജാന്‍സി ജെയിംസിന്റെ പേരും നിര്‍ദ്ദേശിച്ചു.

ഒന്നില്‍ കൂടുതല്‍ പേരുണ്ടായാല്‍ മൂന്ന് പേര്‍ വേണമെന്ന വ്യവസ്ഥ ഉള്ളതിനാല്‍ മൂന്നാമതായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ കൊല്ലത്തുകാരനായ ഒരു പ്രൊഫസറുടെ പേരും ചേര്‍ത്ത് മൂന്ന് പേരുടെ പാനലാണ് ചാന്‍സലര്‍ക്ക് നല്‍കിയത്. ലിസ്റ്റില്‍ ഒന്നാം നമ്പറുകാരനായി നിലവിലെ വിസി കൂടിയായ ഡോ. സിറിയക് തോമസിന്റെ പേര് രണ്ടാമതും നിര്‍ദ്ദേശിക്കപ്പെട്ടതിനാല്‍ ചേര്‍ക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയിലെ യു.ഡി.എഫ് പ്രതിനിധി ഡോ. ജ്ഞാനമാണ് ആവശ്യപ്പെട്ടത്.

അങ്ങിനെ അന്നത്തെ മൂന്ന് പേരുടെ ലിസ്റ്റില്‍ എല്ലാം കൊണ്ടും യോഗ്യനായിരുന്ന ഒന്നാം നമ്പറുകാരന്‍ ഡോ. സിറിയക് തോമസിനെ തഴഞ്ഞാണ് ഡോ ജാന്‍സിയെ എം.ജി യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലറായി നിയമിച്ചത്.
പിന്നെ യു.ഡി.എഫ് നേതാവിന്റെ കേസിന്റെ കാര്യം. ഹൈക്കോടതിയില്‍ 22.11.2004 ന് ഫയല്‍ ചെയ്ത കേസിന് ആധാരമായ സംഭവം നടന്നത് 28.10.2004 നാണ്. വിസി നിയമനം നടന്നത് 15.11.2004 നും. നിയമനം കിട്ടി കൃത്യം എഴുപത്തി രണ്ടാം പക്കമായിരുന്നു ഹൈക്കോടതി വിധി.
യു.ഡി.എഫ് ആണല്ലോ? പ്രതിഫലം മുന്‍കൂര്‍ പറ്റിയില്ലെങ്കില്‍ അത് പിന്നെ വായുവാകും എന്ന് ചാണ്ടി സാറിനെയും മറ്റു വിരുതന്‍മാരെയും നന്നായറിയാവുന്ന ‘ഏമാന്’ ആരെങ്കിലും പറഞ്ഞ് കൊടുക്കണോ?

പിന്നെ ഒരു കാര്യം. ദയവായി എന്നോട് ആരും തര്‍ക്കിക്കാന്‍ വരരുത്. ഇതില്‍ എല്ലാ ഗവേഷണവും നടത്തി രേഖകള്‍ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബാണ്. ഗവര്‍ണ്ണര്‍ ആര്‍.എസ്. ഭാട്ടിയാജിയും.
ഡോ. സിറിയക്ക് തോമസിന് നറുക്ക് വീഴുമെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടി സാറേ അങ്ങ് നേരിട്ട് സീനിയര്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഗവര്‍ണര്‍ ഭാട്ടിയാജിയെ നേരില്‍ പോയി കണ്ട് ഡോ. ജാന്‍സിക്കായി ചരടുവലി നടത്തിയത് നാട്ടില്‍ പാട്ടാണ്.


Content Highlights: After doing all the research and getting the documents in hand, the battle started: KT. Jaleel

We use cookies to give you the best possible experience. Learn more