ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണാതായതിനു പിന്നാലെ സമാന അനുഭവം നേരിട്ട് പാര്‍ട്ടി നേതാവ് ചിരാഗ് പട്‌നായിക്കും. ദിവ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമില്‍ അംഗമാണ് ചിരാഗ്.
ഇരുവരുടെയും അക്കൗണ്ടുകള്‍ കാണാതായതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അടുത്തിടെ കോണ്‍ഗ്രസ് വക്താക്കള്‍ ഒരുമാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ഈ വിലക്കുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്ച മുന്‍ സഹപ്രവര്‍ത്തകയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചിരാഗിനെ ദല്‍ഹിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചിരാഗ് കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് ദിവ്യ സ്വീകരിച്ചത്.
ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമന് ധനമന്ത്രിയുടെ ചുമതല ലഭിച്ചതിനു പിന്നാലെയാണ് ദിവ്യ അവരെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തത്. 1970ല്‍ ധനമന്ത്രിയായ ഇന്ദിരാഗാന്ധിയ്ക്കുശേഷം ആ ചുമതല വഹിക്കുന്ന ആദ്യ സ്ത്രീയാണ് നിര്‍മ്മലാ സീതാരാമനെന്നു പറഞ്ഞായിരുന്നു രമ്യയുടെ അഭിനന്ദനം. ലോകസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമില്‍ നിന്നും ദിവ്യ പുറത്തുപോയോയെന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യം ചോദിച്ച വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ‘നിങ്ങളുടെ സോഴ്സിന് തെറ്റി’ എന്ന മറുപടിയാണ് ദിവ്യ നല്‍കിയത്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ട്വിറ്ററിലെ ബയോയില്‍ നിന്നും ദിവ്യ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് എന്ന പദവി നീക്കിയിരുന്നു. ഈ വേളയില്‍ തന്നെ ദിവ്യ സോഷ്യല്‍ മീഡിയ ഹെഡ് പദവിയില്‍ നിന്നും രാജിവെച്ചെന്നും പാര്‍ട്ടിയോട് അതൃപ്തിയുണ്ടെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം അവര്‍ ട്വിറ്ററില്‍ തിരിച്ചെത്തുകയും ബയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.