ബെംഗളൂരു: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്ന സൂചനയുമായി വിമത എം.എല്‍.എമാര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ഒരു നേതാവിനെയും കാണാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി എം.എല്‍.എമാര്‍ വീഡിയോ ക്ലിപ്പുകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ 21 വീഡിയോകളാണ് ഇന്ന് രാവിലെ പുറത്തിറക്കിയിരിക്കുന്നത്.
‘ദിഗ് വിജയ് സിങിനെപ്പോലുള്ള മധ്യപ്രദേശിലെ ചില നേതാക്കള്‍ ഞങ്ങളെ കാണാന്‍ ശ്രമിച്ചതായി അറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്ക് അവരില്‍ ആരെയും കാണാനും സംസാരിക്കാനും താല്‍പര്യമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി അവരോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവരാരും അതിന് തയ്യാറായില്ല. ഇപ്പോള്‍ ഞങ്ങളില്‍ നിന്ന് അവര്‍ക്ക് എന്താണ് കേള്‍ക്കാനുള്ളത്?’, വിമത എം.എല്‍.എ ഐഡല്‍ സിങ് കണ്‍സാന വീഡിയോയില്‍ പറഞ്ഞു.
തങ്ങളുടെ സ്വന്തം താല്‍പര്യപ്രകാരമാണ് ബെംഗളൂരുവിലേക്ക് വന്നതെന്നും തിരിച്ചുള്ള മടക്കവും അങ്ങനെത്തന്നെയായിരിക്കുമെന്നും മറ്റൊരു എം.എല്‍.എയായ കമലേഷ് ജാതവ് പറഞ്ഞു. അധികാരം കയ്യിലുള്ളവര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നത്. അതുകൊണ്ട് സര്‍ക്കാരില്‍ തൃപ്തരായിരുന്നില്ലെന്നും കമലേഷ് പറഞ്ഞു.
മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു