ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടി വിജയിക്കുന്ന അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കുമെന്നാണ് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്.
‘ദില്ലി കി ജീത് ഹമാരി ഹേ. 2026 മേ ബംഗാള്‍ കി ബാരി ഹേ’ എന്ന് മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സുവേന്ദു അധികാരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദല്‍ഹിയിലെ എ.എ.പി ദുരന്തം അവസാനിച്ചുവെന്നും ദല്‍ഹിയില്‍ താമസിക്കുന്ന ബംഗാളിലെ ആളുകളെല്ലാം ബി.ജെ.പിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും സുവേന്ദു പറഞ്ഞു.
ആം ആദ്മിക്ക് തങ്ങള്‍ ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും ദല്‍ഹിയുടെ പ്രതാപം തിരികെ എത്തിയെന്നും പറഞ്ഞ നേതാവ് ദല്‍ഹിയെ വൃത്തിയുള്ള നഗരമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും പറഞ്ഞു.
ദല്‍ഹിയില്‍ ബംഗാളി ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ താന്‍ പ്രചാരണം നടത്തിയെന്നും അവിടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വളരെ മോശമാണെന്നും അവര്‍ ദല്‍ഹിയെ നശിപ്പിച്ചിരിക്കുകയാണെന്നും സുവേന്ദു പറഞ്ഞു.
പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് സുവേന്ദു അധികാരി. ദല്‍ഹിയിലെ മികച്ച വിജയത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച സുവേന്ദു ആം ആദ്മി പാര്‍ട്ടിക്കെതിരായ നിര്‍ണായക ജനവിധിയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നിലവില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രതിപക്ഷ സ്ഥാനത്താണ്. 2011 മുതല്‍ ബംഗാളില്‍ അധികാരത്തിലിരിക്കുന്ന മമത ബാനര്‍ജിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമാണ് പശ്ചിമ ബംഗാളില്‍ 288 സീറ്റുകളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 48 മണ്ഡലത്തിലും ബി.ജെ.പിയാണ് ജയിച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മൂന്നാം തവണയും ദല്‍ഹിയില്‍ സീറ്റുകള്‍ ഒന്നും തന്നെ നേടാനായില്ല.
Content Highlight: After Delhi, it is now Bengal’s turn; BJP warns Mamata Banerjee