| Friday, 9th August 2024, 2:57 pm

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ആനി രാജ ദല്‍ഹിയില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ. നേതാവ് ആനി രാജ അറസ്റ്റില്‍. ദല്‍ഹി ഖാന്‍ മാര്‍ക്കറ്റ് പരിസരത്ത് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് ആനി രാജ അറസ്റ്റിലാകുന്നത്. ദല്‍ഹി പൊലീസിന്റേതാണ് നടപടി.

ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇസ്രഈലിനെതിരെ നിശബ്ദ പ്രകടനം നടത്തിയ സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രീസ് അടക്കം നിരവധി പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഖാന്‍ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഇസ്രഈല്‍ എംബസിയിലേക്ക് എത്തുന്നതിനിടെയാണ് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്.

‘ഞങ്ങള്‍ മുദ്രാവാക്യം വിളിക്കുക പോലും ചെയ്തില്ല, ബാനറുകളുമായി നിശബ്ദമായി നില്‍ക്കുകയായിരുന്നു. പക്ഷെ പൊലീസ് ഞങ്ങളെ തടഞ്ഞുവെച്ചു,’ ഡ്രീസ് പ്രതികരിച്ചതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. നേതാക്കളുടെ അറസ്റ്റിന് പിന്നാലെ പ്രതിഷേധ റാലിയിൽ പങ്കെടുത്തവർ പ്രതികരണവുമായി രംഗത്തെത്തി.

ഗസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫലസ്തീനില്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രഈല്‍ സര്‍ക്കാരുമായുള്ള ബന്ധം ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യ ഒപ്പിടുകയും അംഗീകരിക്കുകയും ചെയ്ത വംശഹത്യ കൺവെൻഷൻ പ്രകാരം, വംശഹത്യ തടയാൻ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കേണ്ടതുണ്ട്. യുദ്ധക്കുറ്റത്തിന് കാരണമാകുന്നുണ്ടെങ്കിൽ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി ഇന്ത്യ നിർത്തണം. ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഗസയിലെ വംശഹത്യയിൽ കേന്ദ്ര സർക്കാരിനും രാജ്യത്തെ ചില പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ള പങ്ക് എന്താണ് എല്ലാവർക്കും അറിയാമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അനധികൃത അധിനിവേശത്തെ പിന്തുണയ്ക്കുന്ന കമ്പനികളും ഉത്പ്പന്നങ്ങളും ഇന്ത്യക്കാർ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. രാജ്യത്തെ നിർമാണ തൊഴിലാളികൾക്ക് ഇസ്രഈലിലേക്ക് പോകാൻ അനുമതി നൽകിയതിലൂടെ പൗരന്മാരുടെ ജീവന് ഭീഷണിയാകുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രഈലിന്റെ ആക്രമണത്തിൽ 22 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ ഗസയിലെ ഫലസ്തീനികളുടെ മരണസംഖ്യ 39,699 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 91,722 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.

Content Highlight: After declaring solidarity with the Palestinian people, the CPI Leader Annie Raja arrested

We use cookies to give you the best possible experience. Learn more